നഗരത്തിൽ"അന്ധകാരം’; കണ്ണുതുറക്കാതെ അധികൃതര്‍...
1483756
Monday, December 2, 2024 5:05 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: സാഹിത്യ നഗരമെന്ന പേരിന്റെ തലയെടുപ്പൊക്കെയുണ്ട്... കോഴിക്കോട് നഗരഹൃദയത്തില്‍ എത്തുന്നവര്‍ ബസ് സ്റ്റോപ്പുകളില്‍ കുരാകൂരിരുട്ടത്ത് നില്‍ക്കണമെന്ന് മാത്രം.
പരസ്പരം കാണണമെങ്കില്‍ വാഹനങ്ങളുടെ വെളിച്ചം തന്നെ ശരണം. സമീപകാലത്തായി നഗരത്തില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും അക്രമസംഭവങ്ങളും വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നതിനിടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ രാത്രിയില്‍ ബസ് സ്റ്റോപ്പുകളില്‍ പോലും ഇരുട്ടത്ത് നില്ക്കേണ്ടഅവസ്ഥയുള്ളത്.
തെരുവ് വിളക്കുകളെയും വാഹനങ്ങളുടെ വെളിച്ചത്തെയും ആശ്രയിച്ചുള്ള യാത്രക്കാരുടെ നില്പ് സ്ഥിരം കാഴ്ചയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച ബസ് സ്റ്റോപ്പുകളാണ് പലതും .
മാനാഞ്ചിറ, മുതലക്കുളം, വെഎംസിഎ ക്രോസ് റോഡ് എന്നിവിടങ്ങളിലെല്ലാം രാത്രിയായാല്‍ ഇരുട്ടാണ്. പരസ്യ ബോര്‍ഡുകള്‍ മാത്രം തെളിഞ്ഞുകാണാം. ഇതിനുവേണ്ടി മനഃപൂര്‍വം ലൈറ്റുകള്‍ പ്രവര്ത്തനരഹിതമാക്കുന്നതാണോ എന്നാണ് യാത്രക്കാര്‍ പരിഹാസത്തോടെ ചോദിക്കുന്നത്.
നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞും മദ്യപിച്ചും നടക്കുന്നവര്‍ വിശ്രമിക്കാനെത്തുന്നത് നഗരത്തിലെ ബസ് സ്റ്റോപ്പുകളിലാണെന്ന് പോലീസ് തന്നെ വ്യക്തമാക്കുമ്പോഴാണ് കോര്പറേഷന് അധികൃതരുടെ ഈ ഇരുട്ടുകളി.