തീരദേശ ഹൈവേ: ബേപ്പൂർ- കരുവന്തിരുത്തി പാലം വരുന്നു
1483747
Monday, December 2, 2024 5:05 AM IST
കോഴിക്കോട്: തീരദേശ ഹൈവേയുടെ ഭാഗമായി കോഴിക്കോട് കോര്‍പറേഷനില്‍ ഉള്‍പ്പെടുന്ന ബേപ്പൂരിനെയും ഫറോക്ക് നഗരസഭയിലെ കരുവന്‍തിരുത്തിയെയും ബന്ധിപ്പിക്കുന്ന പാലം വരുന്നു. ബേപ്പൂര്‍ ബിസി റോഡിന് സമീപത്തെ കക്കാടത്തുനിന്ന് കരുവന്തിരുത്തി മഠത്തില്‍പാടത്ത് എത്തുംവിധം ചാലിയാറിന് കുറുകെ ഒരു കിലോമീറ്ററോളം നീളത്തില്‍ അത്യാധുനിക രീതിയില്‍ 'എക്സ്ട്രാ ഡോസ്ഡ്' പാലം നിര്‍മിക്കുന്നതിന് 189.23 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. സ്ഥലമെടുപ്പിനായി 4.43 കോടി കിഫ്ബിയില്‍നിന്ന് അനുവദിച്ചതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാവും.
ദേശീയപാത 66 നവീകരണത്തിനൊപ്പം റോഡ് ഗതാഗതരംഗത്ത് വന്‍ കുതിപ്പിന് വഴിയൊരുക്കുന്ന തീരദേശ ഹൈവേയുടെ ഭാഗമായി നിര്‍മിക്കുന്ന ഏറ്റവും വലുതും കേരളത്തിലെ പ്രഥമ എക്സ്ട്രാ ഡോസ്ഡ്' പാലവുമാകുമിത്. പാലം നിര്‍മാണത്തിനായുള്ള മണ്ണ്, ജലം പരിശോധനകളും അപ്രോച്ച് റോഡ് അലെയ്ന്മന്റ്, ഏറ്റെടുക്കേണ്ട ഭൂമി തിട്ടപ്പെടുത്തി നിശ്ചയിക്കല്‍, തുടങ്ങിയ നടപടികളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
സ്പാനുകളുടെ നീളം പരമാവധി കൂട്ടിയും പുഴയില്‍ തൂണുകള്‍ കുറച്ചും വിദേശ മാതൃകയില്‍ നിര്‍മിക്കുന്നതാണ് 'എക്സ്ട്രാ ഡോസ്ഡ്' പാലം. ബേപ്പൂരില്‍ നിര്‍മിക്കുന്ന പുതിയ പാലം ടൂറിസം, വാണിജ്യം, വ്യവസായം, മത്സ്യബന്ധനം തുടങ്ങിയ മേഖലകള്‍ക്കുകൂടി കരുത്താകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.