വയനാട് പുനരധിവാസം കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയെന്ന് പ്രതിപക്ഷ നേതാവ്
1483540
Sunday, December 1, 2024 6:09 AM IST
കോഴിക്കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാട് പുനരധിവാസം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സംസ്ഥാന സര്‍ക്കാര്‍ കിട്ടിയ പണം ചെലവാക്കാന്‍ തയാറാകുന്നില്ല. വീടുകള്‍ നിര്‍മ്മിക്കാന്‍ നിരവധി പേരാണ് രംഗത്തെത്തിയത്. കോണ്‍ഗ്രസും മുസ്ലിംലീഗും കര്‍ണാടക സര്‍ക്കാരും നൂറ് വീടുകള്‍ വീതം നിര്‍മ്മിക്കാമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍, ആര്‍ക്കും വീട് പണിയാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. വയനാട് പുനരധിവാസത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കിയതാണ്. എന്നാല്‍ നടപടികള്‍ ത്വരിതപ്പെടുത്താനുള്ള ഒരു ശ്രമവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.
വീടുകള്‍ നിര്‍മ്മിക്കാനുള്ള സ്ഥലം ഇത്രയും മാസങ്ങളായിട്ടും കണ്ടെത്താത്തതും ഗുരുതരമായ കൃത്യവിലോപമാണ്. അടിയന്തരമായി അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.