കത്തോലിക്ക കോണ്ഗ്രസ് വഞ്ചനാദിനം ആചരിച്ചു
1453841
Tuesday, September 17, 2024 6:14 AM IST
കോടഞ്ചേരി: ഇഎസ്എ കരടു വിജ്ഞാപനത്തിൽ കോടഞ്ചേരിയിലേയും സമീപ പഞ്ചായത്തുകളിലേയും ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമികൾ എന്നിവയെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോണ്ഗ്രസ് കോടഞ്ചേരി യൂണിറ്റ് തിരുവോണ ദിവസം വഞ്ചനാദിനമായി ആചരിച്ചു.
സംസ്ഥാന സർക്കാർ റവന്യൂ ഭൂമിയും ഫോറസ്റ്റ് ഭൂമിയും വേർതിരിച്ചിട്ടുള്ള ജിയോ കോർഡിനേറ്റ് മാപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇതുവരെ സമർപ്പിക്കാത്തതുകൊണ്ടാണ് കേന്ദ്രം ആറാമതായി ഇറക്കിയ കരടു വിജ്ഞാപനത്തിലും ഒരേ തെറ്റ് ആവർത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് കത്തോലിക്ക കോണ്ഗ്രസ് ആരോപിച്ചു. പ്ലക്കാർഡുകളും ബാനറുമേന്തി നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.
ജനങ്ങളുടെ പരാതികൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പോസ്റ്റുകാർഡ് വഴിയായും ഇമെയിൽ വഴിയായും അയച്ചു. താമരശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറന്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്് ഷാജു കരിമഠത്തിൽ, ബിബിൻ കുന്നത്ത്, ജോജോ പള്ളിക്കാമടത്തിൽ, ഷിജി അവനൂർ ജെയിംസ് വെട്ടുകല്ലുംപുറത്ത്, ബോബി ചേന്നംകുളത്ത്, ജോസഫ് നടുവിലേടത്ത് എന്നിവർ നേതൃത്വം നൽകി.
കൂരാച്ചുണ്ട്: ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഉൾപ്പെടുത്തി കൊണ്ടുള്ള ഇഎസ്എ കരട് വിജ്ഞാപനം അംഗീകരിക്കില്ലെന്നു താക്കീത് നൽകികൊണ്ട് കത്തോലിക്ക കോണ്ഗ്രസ് വഞ്ചനാദിനം ആചരിച്ചു. വിജ്ഞാപനത്തിലെ അപാകതകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു ആയിരകണക്കിന് പരാതികൾ പോസ്റ്റ് കാർഡിൽ എഴുതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലേയ്ക്ക് അയച്ചു. കക്കയം സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഇടവകയിൽ നടന്ന പരിപാടി ഫാ. വിൻസെന്റ് കറുകമാലിൽ ഉദ്ഘാടനം ചെയ്തു. ജോണ്സണ് കക്കയം, സജി കുഴുവേലി, രാജി പള്ളത്താട്ടിൽ, ഡാർളി പുല്ലൻകുന്നേൽ, ജോസഫ് കാഞ്ഞിരത്തിങ്കൽ, ജോണ് വേന്പുവിള, ജെസ്റ്റിൻ പള്ളിപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.