തിരുവോണ ദിവസം അനുഗ്രഹത്തിനൊപ്പം പെൻഷനും നൽകി ഓണപ്പൊട്ടൻ
1453840
Tuesday, September 17, 2024 6:14 AM IST
നാദാപുരം: മാവേലിയുടെ പ്രതീകമായ ഓണപ്പൊട്ടൻ വേഷത്തിലെത്തിയ പഞ്ചായത്ത് അംഗം അനുഗ്രഹം മാത്രമല്ല തിരുവോണ ദിവസം സർക്കാരിന്റെ ക്ഷേമപെൻഷനും പ്രജകൾക്ക് കൈമാറിയത് തൂണേരിക്കാർക്ക് വേറിട്ട കാഴ്ചയായി. തിരുവോണത്തിന് മണികിലുക്കിയെത്തിയ ഓണപൊട്ടൻ പെൻഷൻ തുക നേരിട്ടു നൽകിയത് പ്രായമായവരുടെ മനം നിറച്ചു.
വീടുകളിൽ സന്ദർശനത്തിന് എത്തി അനുഗ്രഹിക്കുന്പോൾ ഓണപ്പൊട്ടനു വീട്ടുകാർ ദക്ഷിണ നൽകുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ, ഇത്തവണ ഓണപ്പൊട്ടൻ വീട്ടുകാർക്ക് ക്ഷേമപെൻഷൻ വിതരണം നടത്തിയതാണ് പുതുമയായത്.
പുറമേരി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും തൂണേരി പഞ്ചായത്ത് അംഗവുമായ ടി.എൻ.രഞ്ജിത്താണ് ഓണപ്പൊട്ടൻ വേഷമണിഞ്ഞ് തിരുവോണദിവസം പുറമേരി സ്വദേശി വണ്ണാന്റെ വിട മജീദിന് രണ്ടു മാസത്തെ പെൻഷൻ തുക കൈമാറിയത്.
ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി ഓണപ്പൊട്ടന്റ വേഷം കെട്ടി തൂണേരിയിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിൽ എത്തി പ്രജകളെ അനുഗ്രഹിക്കുന്ന പതിവുണ്ട് രഞ്ജിത്തിന്. വടകര താലൂക്കിലെ ഗ്രാമപ്രദേശങ്ങളിൽ മാവേലിയുടെ പ്രതീകമായാണ് ഓണപ്പൊട്ടൻമാർ വീടുകളിലെത്തുന്നത്. ഇതിനിടയിൽ, ചുരുക്കം ചില പെൻഷൻകാരുടെ പണം വീടുകളിൽ എത്തിച്ചു നൽകാൻ ബാക്കിയുണ്ടെന്നറിഞ്ഞ് പെൻഷനോടൊപ്പം അനുഗ്രഹവും നൽകാൻ രഞ്ജിത്ത് ഓണപ്പൊട്ടന്റെ വേഷം കെട്ടുകയായിരുന്നു.