റെഡ് കാറ്റഗറിയിൽ പെട്ട ഫാക്ടറിക്കെതിരേ നാട്ടുകാർ
1453839
Tuesday, September 17, 2024 6:14 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡ് തെയ്യപ്പാറയിൽ തുടങ്ങാനിരിക്കുന്ന റെഡ് കാറ്റഗറിയിൽപെട്ട ഫാക്ടറിക്കെതിരേ പ്രതിഷേധവുമായി നാട്ടുകാർ. ഫാക്ടറിയുടെ കെട്ടിട നിർമ്മാണം ആരംഭിച്ചതിനിടെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ സമരപ്രഖ്യാപനം നടത്തി. സ്ഥലത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നാട്ടുകയും ചെയ്തു.
മേക്കോഞ്ഞി ആദിവാസി സങ്കേതം ഉൾപ്പെടെ നിരവധി വീട്ടുകാർ താമസിക്കുന്ന ഈ മേഖലയിൽ ഫാക്ടറി വരുന്നതോടുകൂടി മാലിന്യ പ്രശ്നങ്ങളും ശബ്ദ മലിനീകരണവും ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
വാർഡിലെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ആക്ഷൻ കമ്മിറ്റി രക്ഷാധികാരിയായ വാർഡ് അംഗം ടി.പി. ഷാജു തേൻമല, ചെയർമാൻ വർഗീസ് കുറുപ്പംചേരി, കണ്‍വീനർ നൗഫൽ തട്ടൂർ എന്നിവർ പ്രസംഗിച്ചു.