മലയോര ഹൈവേ നിർമാണം: പഞ്ചായത്ത് അലസത വെടിയണമെന്ന് സിപിഎം
1452454
Wednesday, September 11, 2024 5:09 AM IST
കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്പോൾ കൂരാച്ചുണ്ട് പഞ്ചായത്തിൽ നിർമാണത്തിന് സ്ഥല ഉടമകളിൽ നിന്നുള്ള അനുമതിപത്രം വാങ്ങുന്നതടക്കമുള്ള കാര്യങ്ങളിൽ പഞ്ചായത്ത് അലംഭാവം കാട്ടുകയാണെന്ന് കൂരാച്ചുണ്ട് മേലേ അങ്ങാടി സിപിഎം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
കൂരാച്ചുണ്ട് പഞ്ചായത്തിലെ 28-ാം മൈൽ മുതൽ പനങ്ങാട് പഞ്ചായത്തിലെ പടിക്കൽവയൽ വരെയുള്ള മലയോര ഹൈവേയുടെ നിർമാണം പുരോഗമിക്കുകയാണ്. ചക്കിട്ടപാറ പഞ്ചായത്തിലെ ചക്കിട്ടപാറ അങ്ങാടിയുടെ നടുവിലൂടെയാണ് റോഡ് കടന്നു പോകുന്നത്.
കൂരാച്ചുണ്ട് ടൗണ്‍ ഉൾപ്പെടുന്ന 800 മീറ്റർ ഒഴികെയുള്ള സ്ഥലം ഉടമകളുടെ സമ്മതപത്രം ലഭിക്കുകയും ടെൻഡർ നടപടികളിലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്. കൂരാച്ചുണ്ട് ടൗണിൽ ഭൂരിപക്ഷം കെട്ടിട ഉടമകളിൽ നിന്നും സമ്മതപത്രം ഒപ്പിട്ടു വാങ്ങിയിട്ടുള്ളത് പൂർണമായും ബന്ധപ്പെട്ട വകുപ്പ് ഓഫീസിൽ എത്തിച്ചിട്ടില്ലെന്നും സിപിഎം ആരോപിച്ചു.
ഏരിയ കമ്മിറ്റിയംഗം പി. നാസർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി. കെ. ഹസീന അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം വി. ജെ. സണ്ണി, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ജി. അരുണ്‍, എൻ. കെ. കുഞ്ഞമ്മദ് എന്നിവർ പ്രസംഗിച്ചു.