അവകാശ പ്രഖ്യാപന റാലി: വാഹന പ്രചാരണ ജാഥ നടത്തി
1539519
Friday, April 4, 2025 5:44 AM IST
തോട്ടുമുക്കം: കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നാളെ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന കത്തോലിക്ക സമുദായ അവകാശ പ്രഖ്യാപന റാലിയുടെയും പൊതുസമ്മേളനത്തിന്റെയും പ്രചാരണാർഥം കത്തോലിക്ക കോണ്‍ഗ്രസ് തോട്ടുമുക്കം ഫൊറോനയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ നടത്തി.
തോട്ടുമുക്കം ഫൊറോന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ തൊട്ടിയിൽ ജയിംസിന് പതാക കൈമാറി ഫൊറോന ഡയറക്ടർ ഫാ. ബെന്നി കാരക്കാട്ട് വാലില്ലാപ്പുഴയിൽ ഉദ്ഘാടനം ചെയ്തു. വാലില്ലാപ്പുഴ യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു കണ്ടശാംകുന്നേൽ പ്രസംഗിച്ചു. കത്തോലിക്ക കോണ്‍ഗ്രസിന്റെ പതാകയേന്തിയ 30 ബൈക്കുകളിൽ നടത്തിയ വാഹന പ്രചാരണ ജാഥക്ക് വെറ്റിലപ്പാറ,
പനംപിലാവ്, കോന്തർകണ്ടി, പീടികപ്പാറ, കക്കാടംപൊയിൽ, പുഷ്പഗിരി, മരംചാട്ടി, ചുണ്ടത്തുംപൊയിൽ എന്നീ ഇടവക കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. തോട്ടുമുക്കം ഫൊറോന കേന്ദ്രത്തിൽ ജാഥ സമാപിച്ചു. തോട്ടുമുക്കം ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ജിയോ മേലാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത സെക്രട്ടറി സാബു വടക്കേപടവിൽ, തോട്ടുമുക്കം ഫൊറോന പ്രസിഡന്റ് തൊട്ടിയിൽ ജയിംസ് , സെക്രട്ടറി ജോർജ് കൊച്ചുപുരക്കൽ, തോട്ടുമുക്കം യൂണിറ്റ് പ്രസിഡന്റ് തോമസ് മുണ്ടപ്ലാക്കൽ, പുഷ്പഗിരി യൂണിറ്റ് രൂപത പ്രതിനിധി മത്തച്ചൻ പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.