പദ്ധതി വിഹിതം ചെലവഴിച്ചതില്‍ വീഴ്ച: ബോര്‍ഡ് യോഗം ബഹിഷ്കരിച്ച് എല്‍ഡിഎഫ്
1539526
Friday, April 4, 2025 5:48 AM IST
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ വന്‍വീഴ്ച വരുത്തിയെന്നാരോപിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ ബോര്‍ഡ് യോഗം ബഹിഷ്കരിച്ചു. പ്ലാന്‍ ഫണ്ട് ഇനത്തില്‍ 1.5 കോടി രൂപയും പട്ടിക വര്‍ഗ ഫണ്ട് ഇനത്തില്‍ അറുപത് ശതമാനവുമാണ് നഷ്ടപ്പെട്ടത്. റോഡ് ഇനത്തില്‍ ചെലവഴിക്കേണ്ട 4.75കോടി രൂപയും ഇത്തരത്തില്‍ നഷ്ടപ്പെടുത്തി. നോണ്‍ റോഡ് ഇനത്തില്‍ 75ലക്ഷം രൂപയും നഷ്ടപ്പെട്ടതായി എല്‍ഡിഎഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തനതു ഫണ്ട് ഇനത്തില്‍ 1.30കോടി രൂപയും നഷ്ടപ്പെട്ടു.
മരത്താണിയിലെ വഴിയോര വിശ്രമ കേന്ദ്രം പഞ്ചായത്തിന്റെ അഴിമതിയുടെ തെളിവായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. കാലമേറെയായിട്ടും കേന്ദ്രത്തിലേക്ക് വെള്ളമോ വൈദ്യുതിയോ എത്തിക്കാന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാലിന്യ ശേഖരണം പ്രതിസന്ധിയില്‍ തുടരുന്നു. സ്വന്തമായി കെട്ടിടത്തിന് ഇത്തവണയും ഫണ്ട് വകയിരുത്തിയിട്ടില്ല.
എല്‍ഡിഎഫ് അംഗങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ഇടതു അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം ജസീര്‍ കുരിക്കള്‍ ഉദ്ഘാടനം ചെയ്തു. ജോമോന് ജോര്‍ജ്, പി. ഗീത, പ്രസന്നകുമാരി, കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു.