ബസ് ജീവനക്കാര്‍ക്ക് നേരെ വധശ്രമം: ഒരാള്‍ അറസ്റ്റില്‍
1539513
Friday, April 4, 2025 5:44 AM IST
മഞ്ചേരി: സംഘം ചേര്‍ന്ന് ബസ് ജീവനക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ഒരാളെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി താണിപ്പാറ പഴത്തൊടിക വീട്ടില്‍ ഫിറോസി (47)നെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി കരുളായി റൂട്ടിലോടുന്ന എ വണ്‍ ബസ് ഡ്രൈവര്‍ റിയാസ് (40), കണ്ടക്ടര്‍ മുഹമ്മദ് ഷരീഫ് (40) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ബൈക്കിന് വഴി നല്കാത്തതുസംബന്ധിച്ച് ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ബൈക്ക് യാത്രികന് മഞ്ചേരി ബസ് സ്റ്റാൻഡിലെത്തി ഡ്രൈവറുമായി വഴക്കുണ്ടാക്കിയിരുന്നു. കണ്ടക്ടറും നാട്ടുകാരും ചേര്‍ന്ന് പിടിച്ചുമാറ്റി പ്രശ്നം പരിഹരിച്ചിരുന്നു. തുടര്‍ന്ന് റിയാസും മുഹമ്മദ് ഷരീഫും തൊട്ടടുത്ത മസ്ജിദിലേക്ക് നമസ്കരിക്കാനായി പോയി.
വൈകുന്നേരം 5.45ന് ഫിറോസിന്റെ നേതൃത്വത്തിലെത്തിയ പത്തംഗ സംഘം ഇരുവരെയും പള്ളിയില്‍ നിന്നിറക്കി ക്രൂരമായി മര്‍ദിച്ചുവെന്നാണ് കേസ്. കണ്ടക്ടര്‍ മുഹമ്മദ് ഷരീഫിന് കണ്ണിനും ഡ്രൈവര്‍ റിയാസിന് വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ അറസ്റ്റിലായ ഫിറോസിനും കണ്ടാലറിയാവുന്ന പത്തുപേര്‍ക്കുമെതിരേ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന്
മഞ്ചേരി: മസ്ജിദില്‍ പ്രാര്ഥനയിലിരിക്കെ ബസ് ജീവനക്കാരെ മര്‍ദിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഓള് കേരള ബസ് ഓപറേറ്റേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംഭവം നടന്നയുടന്‍ എ വണ്‍ ബസ് ഉടമ ബാബു മമ്പാട് ഓര്ഗനൈസേഷന് ജില്ലാ പ്രസിഡന്റ് മുസ്തഫ കളത്തുംപടി, താലൂക്ക് വൈസ് പ്രസിഡന്റ് നിയാസ് ചാലിയാര്‍ എന്നിവരെ വിവരമറിയിച്ചിരുന്നു.
കേസ് ഒത്തു തീര്‍പ്പാക്കാന്‍ പല രാഷ്ട്രീയ നേതാക്കളുടെ ശ്രമങ്ങളുണ്ടായെങ്കിലും അസോസിയേഷന് ശക്തമായ നിലപാടെടുത്തതിനാല്‍ പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുകയായിരുന്നു.