75ന്റെ നിറവിലെത്തിയ പയ്യാക്കോട് ഗവ.സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
1539512
Friday, April 4, 2025 5:44 AM IST
കരുവാരകുണ്ട്: പയ്യാക്കോട് ഗവ. എൽപി സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കുട്ടികളുടെ കുറവ് കാരണമാണ് സൗകര്യങ്ങളുള്ള വിദ്യാലയം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതെന്ന് നാട്ടുകാർ പറയുന്നു.1955ൽ വിദ്യാഭ്യാസപരമായി പിന്നോട്ട് നിന്നിരുന്ന പ്രദേശത്ത് വിദ്യാഭ്യാസ പുരോഗതിക്കായി നാട്ടുകാരുടെ പരിശ്രമം കൊണ്ട് സ്ഥാപിച്ചതാണ് വിദ്യാലയം.
ത്രിതല പഞ്ചായത്തുകളുടെയും നാട്ടുകാരുടെയും എംഎൽഎയുടെയും സഹായത്താൽ മികച്ച ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിലൊരുക്കാനായിട്ടുണ്ട്. എന്നാൽ കുട്ടികൾ വളരെ കുറവായതാണ് വിദ്യാലയം നേരിടുന്ന ഭീഷണി. 45 കുട്ടികൾ മാത്രമാണ് ഇപ്പോൾ വിദ്യാലയത്തിൽ പഠനം നടത്തുന്നത്.
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായിട്ടാണ് ഇത്രയും കുട്ടികളുള്ളത്. നാലാം ക്ലാസിൽ നിന്ന് കുട്ടികൾ ഉപരിപഠനത്തിനായി മറ്റു വിദ്യാലയങ്ങളിലേക്ക് പോകുന്നതോടെ കുട്ടികളുടെ എണ്ണത്തിൽ വീണ്ടും കുറവ് വരും. പ്രധാന അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരാണ് വിദ്യാലയത്തിലുള്ളത്. മികച്ച പഠന പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നുണ്ട്.
പ്രധാനമായും വഴി സൗകര്യമൊരുക്കുകയും കളി മൈതാനം നിർമിക്കുകയുമാണ് വിദ്യാലയത്തിന് ആവശ്യം. നൂറു കുട്ടികൾ വിദ്യാലയത്തിൽ തികഞ്ഞാൽ സ്ഥലംഎംഎൽഎ വിദ്യാലയത്തിന് ബസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിസര വീടുകളിലുള്ള കുട്ടികളെയെല്ലാം കിലോമീറ്റർ ദൂരെയുള്ള മറ്റ് സർക്കാർ-സ്വകാര്യ വിദ്യാലയങ്ങളിലേക്ക് അയയ്ക്കുന്നതാണ് വിദ്യാലയത്തിൽ കുട്ടികളെത്താതിരിക്കാൻ പ്രധാന കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.
സർക്കാർ സ്ഥാപനം പ്രദേശത്തുനിന്ന് നഷ്ടപ്പെടാതിരിക്കാൻ കൂട്ടായ പരിശ്രമത്തിന് ഒരുങ്ങിയിരിക്കുകയാണ് പ്രദേശവാസികൾ.