നിലമ്പൂര്‍ കോവിലകത്തുമുറിയില്‍ കാട്ടാന ഭീഷണി: യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1539523
Friday, April 4, 2025 5:48 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ കോവിലകത്തുമുറി പ്രദേശം കാട്ടാന ഭീതിയില്‍. പ്രദേശവാസി കാട്ടാനകളുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്റെ നേത്യത്വത്തില്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന് എസിഎഫ് അനീഷ സിദ്ദിഖിനെ കണ്ടു.
പ്രശ്നത്തില്‍ ഇടപെടല്‍ ഉറപ്പ് നല്കി എസിഎഫ്. ആദ്യ ഘട്ടമെന്ന നിലയില്‍ പനയംകോട് വനംസ്റ്റേഷനിലെ വനപാലകരും ആര്‍ആര്‍ടിയും രാത്രികാല പട്രോളിംഗ് ഉള്‍പ്പെടെ നടത്തുമെന്ന് എസിഎഫ് അനീഷ സിദിഖ് പറഞ്ഞു.
കാട്ടാനകളെ കാടുകയറ്റാനുള്ള നടപടി സ്വീകരിക്കും. ജനപ്രതിനിധികളുടെയും വനപാലകരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷം പ്രദേശവാസികളുടെ സഹായത്തോടെയായിരിക്കും കാടു കയറ്റാനുള്ള നടപടി സ്വീകരിക്കുക.
ഇന്നലെ രാവിലെയാണ് കാട്ടാനയുടെ മുന്നില്പ്പെട്ടതെന്നും ആനകളുടെ മുന്നില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും പ്രദേശവാസി ഷണ്ഗീത് കോവിലകത്തുമുറി പറഞ്ഞു.