ജീവനക്കാരോട് വഞ്ചന: എന്‍ജിഒ അസോസിയേഷന് പ്രതിഷേധിച്ചു
1539520
Friday, April 4, 2025 5:44 AM IST
മഞ്ചേരി: ആശ്രിത നിയമന പദ്ധതി അട്ടിമറിക്കുകയും തസ്തികകള്‍ നിര്‍ത്തലാക്കി കരാര്‍ നിയമങ്ങള്‍ നടപ്പിലാക്കുകയും ആറ്ഗഡു ഡിഎ കുടിശിക അനുവദിക്കാതിരിക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ ജീവനക്കാരോടുള്ള വഞ്ചനാത്മകമായ നിലപാടുകളില്‍ എന്‍ജിഒ അസോസിയേഷന് മഞ്ചേരി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു. മഞ്ചേരി മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് പ്രതിഷേധ പ്രകടനവും സബ് ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് തോണിക്കടവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഗോവിന്ദന് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് കെ.വി. നൗഫല്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വിപിന്‍, വിഷ്ണു എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. പ്രസാദ്, ഒ.എ. അബ്ബാസ് പാണ്ടിക്കാട്, ബിനേഷ്, സംസ്ഥാന കൗണ്‍സിലര്‍മാരായ സലീം പത്തിരിയാല്‍, വിജയന് എന്നിവര്‍ നേതൃത്വം നല്കി.