അർഹരായവർക്കുള്ള പട്ടയം വേഗത്തിലാക്കണം: എ.പി. അനിൽകുമാർ എംഎൽഎ
1539518
Friday, April 4, 2025 5:44 AM IST
വണ്ടൂർ: അർഹരായവർക്ക് പട്ടയം നൽകുന്നത് വേഗത്തിലാക്കാൻ എ.പി.അനിൽകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന പട്ടയ അസംബ്ലിയിൽ നിർദേശം. റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. പട്ടികജാതി, പട്ടികവർഗ നഗറുകളിൽ ഉൾപ്പെടെ ഇതുവരെ പൂർത്തിയായ സർവേയും അനുബന്ധ നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. അർഹരായവർക്കു അനുവാദപത്രിക നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനി ക്കാൻ പഞ്ചായത്ത് തലത്തിൽ ഒരുമാസത്തിനുള്ളിൽ യോഗം ചേരും.
ചോക്കാട് പഞ്ചായത്തിലെ 20 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നു യോഗത്തിൽ അറിയിച്ചു. വണ്ടൂർ പഞ്ചായത്തിലെ പാലക്കാട്ടുകുന്നിലെ 98 കുടുംബങ്ങളിൽ ആദ്യഘട്ടത്തിൽ കൈവശ അതിർത്തി സംബന്ധിച്ച് തർക്കങ്ങളില്ലാത്തവർക്ക് അനുവാദപത്രിക പഞ്ചായത്ത് നൽകാനും, റവന്യൂ വകുപ്പ് തുടർനടപടി സ്വീകരിക്കാനും തീരുമാനിച്ചു.
ഇവിടെ സർവേ നടത്തിയപ്പോൾ ചില സ്ഥലങ്ങളുടെ അതിർത്തിയിൽ അവ്യക്തതയുണ്ടെന്നും അധികൃതർ അറിയിച്ചു. അതുപരിഹരിച്ച് തുടർ പ്രവർത്തനങ്ങൾ നടത്തും. കാപ്പിച്ചാൽ നഗറിലെ 13 കുടുംബങ്ങളുടെ കാര്യത്തിലും നടപടി പുരോഗമിക്കുകയാണ്. ജില്ലാ പഞ്ചായത്തംഗം കെ.ടി. അജ്മൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഹസ്കർ, സ്ഥിരംസമിതി അധ്യക്ഷൻ വി. ശിവശങ്കരൻ, ഭൂരേഖ വിഭാഗം തഹസിൽദാർ എ.ജയശ്രീ, ഡെപ്യൂട്ടി തഹസിൽദാർമാരായ കെ.പി. പ്രമോദ്, അയ്യപ്പൻ കുനിയങ്ങോടൻ തുടങ്ങിയവർ പങ്കെടുത്തു.