ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ: മാണിക്കൽ പഞ്ചായത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തം
1545360
Friday, April 25, 2025 6:28 AM IST
വെന്പായം: ഹൈക്കോടതി വിധിക്കെതിരെ പഞ്ചായത്ത് ചെലവിൽ ഡിവിഷൻ ബഞ്ചിൽ അപ്പീൽ പോകാനുള്ള മാണിക്കൽ പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ പ്രതിക്ഷേധവുമായി പ്രതിപക്ഷം.അങ്കണവാടി വർക്കറായി മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റായ കുതിരകുളം ജയന്റെ മരുമകളെ പ്രസിഡന്റ് ചെയർമാനായ സെലക്ഷൻ കമ്മിറ്റി നിയമിച്ചത് കേരള ഹൈക്കോടതി റദാക്കിയിരുന്നു. തുടർന്നു പ്രസിഡന്റിനെ ഒഴിവാക്കി പുതിയ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം രണ്ടു മാസത്തിനകം നടത്തണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു.
ഈ ഉത്തരവ് നിലനിൽക്കെ പഞ്ചായത്ത് സ്വന്തം ചെലവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീലിന് പോകാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന് എതിരെയാണ് പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് മെമ്പർമാർ പ്രതിഷേധിക്കുകയും വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തത്.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അപ്പീലിന് പോകുന്നത് പഞ്ചായത്തു ഭരണസമിതിയുടെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാണിക്കൽ മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായും മാണിക്കൽ മണ്ഡലം പ്രസിഡന്റ് കെപ്പം ഉണ്ണികൃഷ്ണൻ പറഞ്ഞു