കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
1545362
Friday, April 25, 2025 6:33 AM IST
തിരുവല്ലം: കോവളം-തിരുവല്ലം ദേശീയപാതയില്‍ വാഴമുട്ടം ജംഗ്ഷനുസമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റു. അപകടത്തില്‍ സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി 9.20 നായിരുന്നു അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും കാറിന്റെ ഇടതുഭാഗം ഭാഗികമായും തകര്‍ന്നു. ഓട്ടോ ഡ്രൈവര്‍ കോവളം കമുകിന്‍കുഴി വാറുവിളാകത്ത് വീട്ടില്‍ സെയ്ദ് (54), ഇയാളുടെ ബന്ധുവായ സെയ്യദ് (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സെയ്ദിന്റെ ഇരുകാലുകളും ഒടിഞ്ഞിട്ടുണ്ട്. കൂടാതെ വയറിനും സാരമായി പരിക്കേറ്റു. പൊളിഞ്ഞ ഓട്ടോയുടെ ഭാഗങ്ങള്‍ വയറില്‍ കുത്തിക്കയറിയാണ് പരിക്കേറ്റത്. സെയ്യദിനു മുഖത്തും കാലിനും തലയ്ക്കുമാണ് പരിക്കേറ്റത്. കോവളം ഭാഗത്തുനിന്നും വിമാനത്താവളത്തിലേയ്ക്ക് പോയ തമിഴ്നാട് സ്വദേശിയുടെ കാര്‍ പനത്തുറ ഭാഗത്തുനിന്നും വാഴമുട്ടം ജംഗ്ഷനിലേയ്ക്കു വരുകയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
സംഭവം നടന്നയുടന്‍ നാട്ടുകാര്‍ വിവരം തിരുവല്ലം പോലീസില്‍ അറിയിച്ചതിനെ തുടർന്നു പോലീസ് സ്ഥല ത്തെത്തി നാഷണല്‍ ഹൈവേ അഥോറിറ്റിയുടെ ആംബുലന്‍സില്‍ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അപകടമുണ്ടാക്കിയ കാറും അതിലെ ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെത്തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.