പാളയം മാർക്കറ്റ്; ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് എസ്.എസ്. മനോജ്
1545358
Friday, April 25, 2025 6:28 AM IST
തിരുവനന്തപുരം: പാളയം മാർക്കറ്റിലെ വ്യാപാരികളെ താൽക്കാലിക കെട്ടിടത്തിലേക്ക് പുനരധിവസിക്കുന്നതിന് മുൻപ് മാർക്കറ്റിലെ മാലിന്യം നീക്കം ചെയ്യുകയും പൊതുജന സുരക്ഷാ ഉറപ്പുവരുത്തുകയും വേണമെന്ന ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സ്വാഗതാർഹമാണെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ് പറഞ്ഞു.
വ്യാപാരികളെ വികസന വിരോധികളായി ചിത്രീകരിക്കുവാൻ ആരും ശ്രമിക്കേണ്ട. പരിഷ്കൃത സമൂഹത്തിന് അനുയോജ്യമായ വികസന സാഹചര്യങ്ങളാണ് വികസന ശിൽപികൾ ഒരുക്കേണ്ടതെന്നും, അല്ലാതെ വന്നപ്പോഴാണ് വ്യാപാരികൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർക്കറ്റിലെ സ്മാർട്ട് സിറ്റിയുടെ പദ്ധതികൾക്ക് വ്യാപാരികൾ പൂർണ പിന്തുണ നൽകുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ് പാളയം പത്മകുമാർ, സെക്രട്ടറി ഡി. വിദ്യാധരൻ പാളയം കണ്ണിമേറാ മാർക്കറ്റ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജൻ പി. നായർ, സെക്രട്ടറി ജെ. റജാസ്, ട്രഷറർ എസ്. ഷഹാബുദ്ദീൻ എന്നിവർ പറഞ്ഞു.