നഷ്ടം മറക്കാൻ കാതോലിക്കാബാവായുടെ സമ്മാനമെത്തി : സന്തോഷം പങ്കിട്ട് തൈക്കാട് മോഡൽ എൽപിഎസിലെ കുരുന്നുകൾ
1511730
Thursday, February 6, 2025 6:33 AM IST
തിരുവനന്തപുരം: നട്ടുനനച്ച് വളർത്തിയ പച്ചക്കറികൾ വിളവെടുപ്പിന് മുൻപ് മോഷണം പോയതിന്റെ സങ്കടത്തിലായിരുന്ന തൈക്കാട് മോഡൽ ഗവ. എൽപി സ് കൂളിലെ കുട്ടികൾക്ക് നൽകിയ വാക്ക് പാലിച്ച് ഓർത്തഡോക്സ് സഭ. കുഞ്ഞുങ്ങളുടെ സങ്കടത്തെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ സഹായം വാഗ്ദാനം ചെയ് തിരുന്നു.
ബാവ ചുമതലപ്പെടുത്തിയതിനെ തുടർന്നു സഭയുടെ തിരുവനന്തപുരം സ്റ്റുഡന്റ്സ് സെന്റർ ഡയറക്ടർ ഫാ.സജി മേക്കാട്ട് സ് കൂളിൽ നേരിട്ടെത്തി. 50,000 രൂപയുടെ ചെക്ക് കൈമാറി. മോഷണശ്രമങ്ങൾ തടയുന്നതിനായി സ്കൂളിൽ സിസിടിവി കാമറ സ്ഥാപിക്കണമെന്നായിരുന്നു കുട്ടികളുടെ ആവശ്യം. ഈ ആവശ്യം നിറവേറ്റുന്നതിനോ, കൃഷി വിപുലപ്പെടുത്തുന്നതിനോ തുക ഉപയോഗിക്കാമെന്നു സഭയുടെ പ്രതിനിധികൾ അധ്യാപകരെ അറിയിച്ചു. വിളവെടുക്കാറായ കോളിഫ്ലവർ മോഷണം പോയതിൽ സങ്കടപ്പെടരുതെന്നും ഊർജസ്വലരായി വീണ്ടും കൃഷി തുടങ്ങണമെന്നുമുള്ള കാതോലിക്കാബാവായുടെ സന്ദേശം പ്രതിനിധികൾ കുട്ടികൾക്ക് കൈമാറി.
കൃഷി വിപുലപ്പെടുത്തണമെന്നും എന്ത് സഹായത്തിനും ഒപ്പമുണ്ടാകുമെന്നും ബാവാ അറിയിച്ചു. തൈക്കാട് സ്കൂളിലെ കുരുന്നുകൾ കേരളത്തിനു മാതൃകയാണെന്നും ബാവാ കൂട്ടിച്ചേർത്തു. തങ്ങൾക്കുള്ള സമ്മാനം കൊടുത്തയച്ച തിരുമേനി അപ്പച്ചനെ നേരിൽ കാണാനുള്ള ആഗ്രഹം കുട്ടികൾ പങ്കുവെച്ചു.
കാതോലിക്കാബാവാ തിരുവനന്തപുരത്ത് എത്തുന്പോൾ തീർച്ചയായും കുട്ടികളെ കാണാനെത്തുമെന്ന് ബാവാ ഉറപ്പു നൽകിയിട്ടുണ്ടെന്ന കാര്യം സഭയുടെ പ്രതിനിധികൾ അറിയിച്ചു. അധ്യാപകരായ ലയ, സന്തോഷ് ലാൽ, എംപിടിഎ പ്രസിഡന്റ് പ്രസീദ, പിടിഎ എക്സിക്യുട്ടീവ് അംഗം അനുരൂപ് എന്നിവർ പങ്കെടുത്തു.