കേരളാ യൂണിവേഴ്സിറ്റി ആസ്ഥാനത്തുനിന്നും എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
1511714
Thursday, February 6, 2025 6:23 AM IST
തിരുവനന്തപുരം: കേരളാ സർവകലാശാല ആസ്ഥാനത്ത് സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ഇന്നലെ ഉച്ചയോടെയാണ് കന്റോൺമെന്റ് പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും യൂണിയൻ രൂപീകരിക്കാൻ വൈസ് ചാൻസിലർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സർവലാശാല വളപ്പിനുള്ളിൽ സമരം ചെയ്യുന്ന എസ്എഫ്ഐ പ്രവർത്തകർ വിസിയുടെ ചേന്പർ കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു.
തുടർന്ന് വിസിയുടെ ഓഫീസിൽ അതിക്രമം നടത്തിയെന്ന പരാതിയുണ്ടായിരുന്നു. ഇതേ തുടർന്നു ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടിയിരുന്നു. സർവകലാശാല വളപ്പിനുള്ളിൽ കെട്ടിയ സമരപ്പന്തൽ പൊളിച്ചു നീക്കണമെന്ന നിർദേശം വിസി നല്കിയിരുന്നു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കോടതിയുടെ തീർപ്പ് വരാതെ യൂണിയൻ രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാ വില്ലെന്നാണ് വിസിയുടെ നിലപാട്. ഇന്നലെ സർവകലാശാല ആസ്ഥാനത്തുനിന്നും എസ്എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ വിദ്യാർഥികൾ യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ഇതോടെ ഇവിടെ ഗതാഗത തടസവുമുണ്ടായി. സർവകലാശാല യൂണിയൻ രൂപീകരണം സംബന്ധിച്ചുള്ള കേസ് ഇന്ന് കോടതി പരിഗണിക്കും.