ദേവേന്ദുവിന്റെ കൊലപാതകം: പ്രതിയെ കസ്റ്റഡിയിൽ കിട്ടുന്നതു വൈകും
1511724
Thursday, February 6, 2025 6:33 AM IST
തിരുവനന്തപുരം : ബാലരാമപുരത്തു രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ പോലീസ് കസ്റ്റഡിയിൽ കിട്ടുന്നതു വൈകും. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ കിട്ടണമെന്ന് അനേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
ഹരികുമാറിനെ ചോദ്യം ചെയ്യലിനു വിധേയനാകാനുള്ള മാനസിക ആരോഗ്യം ഉണ്ടോയെന്നു പരിശോധിക്കണമെന്നു കോടതി പോലീസിനോട് നിർദേശിച്ചു. ഇതിനായി ഡോക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കാൻ കോടതി പോലീസിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പട്ടു.
എന്നാൽ ഹരികുമാറിനെ പത്തു ദിവസം മെഡിക്കൽ കോളജിൽ ഒറ്റക്ക് പാർപ്പിച്ചു നിരീക്ഷിച്ചെങ്കിൽ മാത്രമേ സാക്ഷ്യപത്രം നൽകാൻ സാധിക്കൂ വെന്നു ഡോക്ടർമാർ അനേഷണ സംഘത്തോടു നിർദേശിച്ചു. ഇതാണ് അന്വേഷണത്തെ വലച്ചിരിക്കുന്നത്. ഇനി കോടതിയുടെ നിർദേശം ലഭിച്ചശേഷം മാത്രമേ തുടർനടപടി ഉണ്ടാവുകയുള്ളൂ. നിലവിൽ ഹരികുമാർ റിമാൻഡിലാണ്.