പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു
1511396
Wednesday, February 5, 2025 6:51 AM IST
വിതുര: വിതുര പഞ്ചായത്തിലെ ക്ഷേമപെൻഷൻ അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിനു മുന്നിൽ പെൻഷൻ കിട്ടാത്തവരുടെ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഎം വിതുര ഏരിയ സെക്രട്ടറി പി.എസ്. മധു ഉദ്ഘാടനം ചെയ്തു.
സർക്കാർ പ്രഖ്യാപിച്ച രണ്ടുമാസത്തെ വിധവ പെൻഷൻ, 50 വയസ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തവർക്കുള്ള പെൻഷൻ അടക്കം 364 പേരുടെ ക്ഷേമപെൻഷനാണു പഞ്ചായത്തിലെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സെക്ഷൻ ക്ലർക്ക് തുടങ്ങിയവരുടെ അനാസ്ഥ മൂലം തടസപ്പെട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ജി. ആനന്ദ്, പഞ്ചായത്ത് മുൻ പ്രസിഡന്റും വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ്.എൽ. കൃഷ്ണകുമാരി, പാലോട് കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് എസ്. സഞ്ജയൻ, വിതുര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.