വരുമാനമായി ലഭിക്കുന്നതു കോടികൾ : സുരക്ഷയൊരുക്കാൻ ഫയർ എൻജിൻ വാങ്ങാൻ പണമില്ല
1511715
Thursday, February 6, 2025 6:23 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖം ലോകമറിയുന്ന അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നെങ്കിലും സുരക്ഷയുടെ കാര്യ ത്തിൽ ഇപ്പോഴും പരുങ്ങലിൽ. ട്രയൽ റൺ കഴിഞ്ഞു ചരക്കുമായുള്ള കപ്പലുകളുടെ വരവുവർധിച്ചു വാണിജ്യാടിസ്ഥാനത്തിലുള്ള തുറമുഖമായി മാറിയെങ്കിലും കപ്പലുകൾക്കു സുരക്ഷയൊരുക്കു ന്നത് ഇന്നും ദിവസവും 12,000 രൂപയ് ക്കുള്ള വിഴിഞ്ഞം ഫയർ സ്റ്റേഷന്റെ കണ്ടം ചെയ്യാറായ ഫയർ എൻജിൻ തന്നെ.
ഇവിടെനിന്നു കഷ്ടിച്ച് പതിനഞ്ച് കിലോമീറ്റർ മാറി അദാനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീ അണക്കാൻ അത്യാധുനിക അഗ്നിരക്ഷാസംവിധാനങ്ങൾ ഒരുക്കിയെങ്കിലും തുറമുഖത്ത് അതിന്റെ ഒരു കണിക പോലുമില്ലെന്ന ആക്ഷേപത്തിനും കുറവില്ല.
അപകടകരവും അല്ലാത്തതുമായ പലതരം കണ്ടെയ്നറുകളുമായി ചരക്കു കപ്പൽ അടുക്കുന്ന, ലോകത്തിലെതന്നെ മൂന്നാം സ്ഥാനത്തേക്കു കുതിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷയ്ക്കായി കായലിൽ നിന്നു ശേഖരിക്കുന്ന അയ്യായിരം ലിറ്റർ വെള്ളവുമായി ഒരു ഫയർ എൻജിൻ മാത്രം.
തുറമുഖത്ത് ക്രെയിനുകളുമായി ആദ്യ കപ്പൽ ഷെൻഹുവാ - 15 നങ്കൂരമിട്ടതു മുതൽ കഴിഞ്ഞ ദിവസം വരെ വിഴിഞ്ഞം ഫയർ ഫോഴ്സിന് വാടകയിനത്തിൽ 25 ലക്ഷത്തോളം രൂപയുടെ വരുമാനമുണ്ടായെങ്കിലും ഒരു വാഹനവും കുറെ ജീവനക്കാരെയും സ്ഥിരമായി തുറമുഖത്ത് നിർത്തിയതോടെ സ്റ്റേഷന്റെ പ്രവർത്തനവും താളം തെറ്റി.
വേനൽക്കാലമായതോടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാടുകളുടെ തീപിടിത്തം നിയന്ത്രിക്കാൻ അധികൃതർക്ക് മറ്റു ഫയർ സ്റ്റേഷനുകളിലുള്ളവരുടെ കാല് പിടിക്കേണ്ടിയും വന്നു. ട്രയൽ റൺ മുതലുള്ള ആറു മാസത്തിനിടയിൽ വലുതും ചെറുതുമായ 160 -ൽപ്പരം കണ്ടെയ്നർ കപ്പലുകൾ ചരക്കുമായി തുറമുഖത്ത് അടുത്ത് ചരിത്രം സൃഷ്ടിച്ചിരുന്നു.
ഈ വകയിൽ സർക്കാരിന്റെ ഖജനാവിലും തുറമുഖ അധികൃതർക്കും കോടികൾ വരുമാനമായി ലഭിച്ചെങ്കിലും സുരക്ഷയൊരുക്കാൻ ഫോർ ടെൻഡർ പോലുള്ള അത്യാധുനിക തീയണക്കൽ യന്ത്രം വാങ്ങാൻ മാത്രം പണമില്ല. കഴിഞ്ഞ ദിവസവും ഇന്ത്യൻ തുറമുഖങ്ങളിൽ ആദ്യമായി വന്ന ഏറ്റവും വലിയ കപ്പലായ എംഎസ്സിയുടെ കർമ്മലീത്ത 3067 കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് ഈജിപ്തിലേക്ക് മടങ്ങിയിരുന്നു.
16.8 മീറ്റർ താഴ്ചയുള്ള കപ്പൽ യാതൊരു തടസവുമില്ലാതെ വന്നു മടങ്ങിയെന്നതു വിഴിഞ്ഞം തുറമുഖത്തിന്റെ ശക്തി ഒന്നുകൂടി ലോകത്തിനു വെളിവായി. ദിവസവും ഒന്നിൽ കൂടുതൽ കപ്പലുകൾ വാർഫിൽ അടുക്കുന്ന ഒരു വമ്പൻ തുറമുഖത്താണ് ഓടിക്കിതച്ച് അവശതയിലായ കണ്ടം ചെയ്യാറായ ഒരു ഫയർ എൻജിൻ സുരക്ഷാ സേവനമനുഷ്ടിക്കുന്നത്.
ചൈനയിൽ നിനന്നു ലോകോത്തരനിലവാരവും ഇന്ത്യയിൽ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാൻ പറ്റാത്ത തരത്തിലുള്ള അത്യാധുനിക ക്രെയിനുകൾ ഇറക്കുമതി ചെയ്തെങ്കിലും ഒരു ഫയർ എൻജിൻ മാത്രം അധികൃതർക്ക് കിട്ടിയില്ല.
കപ്പലുകളിൽ നിന്ന് ഇറക്കി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള ആയിരക്കണക്കിന് കണ്ടെയ്നറുകൾ വാർഫിലെ യാർഡിൽ സൂക്ഷിക്കുന്നുണ്ട്. ഇവയുടെ സുരക്ഷയും അയ്യായിരം ലിറ്റർ വെള്ളത്താ ലെന്നത് ആശ്ചര്യം...!