എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
1511377
Wednesday, February 5, 2025 6:31 AM IST
വിഴിഞ്ഞം: കൊല്ലത്തുനിന്നു മീൻ പിടിക്കാനെത്തി എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ വള്ളത്തിലെ അഞ്ചു മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം അഞ്ചോടെ വിഴിഞ്ഞം ഹാർബറിൽനിന്നും മൂന്നു നോട്ടിക്കൽ മൈൽ അകലെ കൊല്ലം സ്വദേശി അനിൽ ജോണിന്റെ ഉടമസ്ഥയിലുള്ള ജീസസ് എന്ന ബോട്ടാണ് എൻജിൻ തകരാറിലായി കടലിൽ കിടക്കുന്നത്.
മത്സ്യത്തൊഴിലാളികൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദേശപ്രകാരം വിഴിഞ്ഞത്തുനിന്നും മറൈൻ ആംബുലൻസിൽ മറൈൻ എന്ഫോഴ്സ്മെന്റ് എസ്.ഐ. ദീപുവിന്റെ നേതൃത്വത്തിൽ, സിവിൽ പോലീസ് ഓഫീസർ വിനിൽ വി.എൽ. ലൈഫ് ഗാർഡുമാരായ ബനാൻഷ്യസ്,
സെൽവരാജ് എന്നിവർ രക്ഷാപ്രവർത്തനം നടത്തി തകരാറിലായ ബോട്ടിനെയും അതിലുണ്ടായിരുന്ന അഞ്ചു മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി വിഴിഞ്ഞം ഹാർബറിൽ എത്തിച്ചു. മറൈൻ ആംബുലൻസ് ക്യാപ്റ്റൻ വാൽത്തൂസ് ശബരിയാർ, ചീഫ് എൻജിനീയർ അരവിന്ദൻ, ക്രൂമാരായ അഭിരാം, അഭിമന്യൂ, നേഴ്സ് ശ്യാം എന്നിവരും രക്ഷപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നു.