കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പദ്ധതി ലാഭത്തിൽ: മന്ത്രി
1511384
Wednesday, February 5, 2025 6:41 AM IST
വിതുര: മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെഎസ്ആർടിസി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം പിന്നിടുമ്പോൾ 27,86,522 ലക്ഷം രൂപയുടെ ലാഭം നേടിയെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഡ്രൈവിംഗ് സ്കൂൾ, ടൂറിസ്റ്റ് ഹബ്ബ് ഉൾപ്പെടെ വിതുര കെഎസ്ആർടിസിയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ 661 പേർ ഡ്രൈവിംഗ് പഠനത്തിനു ചേർന്നു. കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിൽ പഠനം കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികൾ സധൈര്യം സ്വന്തം വണ്ടി ഓടിച്ചു പോകുമെന്ന വാക്കു പാലിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ കെഎസ്ആർടിസി ബസുകളിലും അകത്തും പുറത്തും ക്യാമറ ഘടിപ്പിക്കും. യാത്രക്കാർ കൈ കാണിച്ചിട്ട് ബസ് നിർത്താതെ പോയാൽ നടപടി എടുക്കും. സാധാരണക്കാർ ആശ്രയിക്കുന്ന സൂപ്പർഫാസ്റ്റ് ബസുകൾ എസിയാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ ബസ് ട്രയലിന് നൽകുകയാണ്.
കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഒരുമാസം അഞ്ചു ഡിപ്പോകളിൽ ചെക്കപ്പുകൾ നടത്തും. കെഎസ്ആർടിസിയുടെ നഷ്ടം കുറച്ചു കൊണ്ടുവരാൻ കഴിയുന്നു എന്നതു മികച്ച നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജി.സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡ്രൈവിംഗ് സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ പ്രാദേശിക വികസനഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ പറഞ്ഞു. വിതുര സർവീസ് സഹ. ബാങ്കിന്റെ ശതാബ്ദി ഡയറി മന്ത്രി കെ. ബി ഗണേഷ് കുമാർ പ്രകാശനം ചെയ്തു.
കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ചടങ്ങിൽ വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ആനന്ദ്, കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രമോജ് ശങ്കർ, റോഡ് സേഫ്റ്റി കമ്മീഷണർ നിതിൻ അഗ്രവാൾ, ട്രാൻസ്പോർട്ട് കമ്മീഷണർ എച്ച്. നാഗരാജു എന്നിവരും പങ്കെടുത്തു.