എൻസിപി ജില്ലാ കമ്മിറ്റി ഓഫീസിൽ കൂട്ടത്തല്ല് : ഓഫീസ് ഉപകരണങ്ങൾ തല്ലിത്തകർത്തു
1511716
Thursday, February 6, 2025 6:23 AM IST
തിരുവനന്തപുരം : എൻസിപി ജില്ലാ കമ്മിറ്റി ഓഫീസിൽ പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞു ഏറ്റുമുട്ടി. എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയെ അനുകൂലിക്കുന്നവരും എതിർവിഭാഗവും തമ്മിലാണ് സംഘർഷമുണ്ടായത്. പി.സി. ചാക്കോ നിയമിച്ച പുതിയ ജില്ലാ പ്രസിഡന്റ് ആർ. സതീഷ്കുമാർ ഇന്നലെ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയതാണു സംഘർഷത്തിന് ഇടയാക്കിയത്.
സംഘർഷത്തിൽ ഓഫീസ് ഉപകരണങ്ങൾ തകർന്നു. പോലീസ് എത്തിയാണു സംഘർഷം അവസാനിപ്പിച്ചത്. നേരത്തേ പി.സി. ചാക്കോക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്നു എൻസിപി ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു ആട്ടുകാൽ അജിയെ പുറത്താക്കിയിരുന്നു. എന്നാൽ ഓഫീസ് വിട്ടുകൊടുക്കാൻ അജി തയാറായില്ല. തനിക്കൊപ്പമുള്ള പ്രവർത്തകരെയും കൂട്ടി അജി ഓഫീസ് പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ പുതിയ പ്രസിഡന്റിനു ഓഫീസിലെത്താൻ കഴിഞ്ഞില്ല.
ചാക്കോയുടെ നിർദേശ പ്രകാരം ഇന്നലെ സതീഷ്കുമാർ ഓഫീസിലെത്തിയപ്പോഴാണു സംഘർഷമുണ്ടാകുന്നത്. പ്രസിഡന്റ് സ്ഥാനമൊഴിയാൻ ഒരുക്കമല്ലെന്നാണ് ആട്ടുകാൽ അജിയുടെ നിലപാട്. പി.സി. ചാക്കോയുടെ പേരിലാണു ജില്ലാ കമ്മിറ്റി ഓഫീസ്.