പകുതി വിലയ്ക്ക് ലാപ്ടോപ്പ്, സ്കൂട്ടർ വാഗ്ദാനങ്ങൾ: തട്ടിപ്പിൽ പരാതി നൽകി
1511726
Thursday, February 6, 2025 6:33 AM IST
പോത്തൻകോട്: പകുതി വിലയ് ക്ക് ലാപ്ടോപ്പ്, സ്കൂട്ടർ എന്നിവ വാഗ്ദാനം നൽകി പറ്റിച്ചെന്ന പരാതിയുമായി വനിതകൾ. പോത്തൻകോട് സ്റ്റേഷനിൽ 13 വനിതകളാണു സംഭവത്തിൽ പരാതി നൽകിയത്. ഒരു വർഷം കഴിഞ്ഞിട്ടും സാധനങ്ങൾ ലഭിക്കാതെ വന്നതോടെയാണ് വനിതകൾ പോലീസിനെ സമീപിച്ചത്. 56,000 രൂപ മുതൽ 60,000 രൂപ വരെയാണു നിരവധിപേരിൽനിന്നു പണം വാങ്ങിയിരിക്കുന്നത്.
കരമന പ്രവർത്തിക്കുന്ന ദീപ്തി ചാരിറ്റബിൾ സൊസൈറ്റിയാണു ലക്ഷങ്ങൾ തട്ടിയെടുത്തത്. പോത്തൻകോട് പഞ്ചായത്തിലെ പ്ലാമൂട് വാർഡംഗം എൻ. അനിതകുമാരി ഉൾപ്പെടെ പത്തോളം പേർ ചേർന്നും അല്ലാതെയുമായി 13 പേർ ഇതുവരെ പരാതി നൽകി കഴിഞ്ഞു.
സാമൂഹിക സംരക്ഷക വികസന പദ്ധതിയുടെ 50 ശതമാനം ഗുണഭോക്തൃ വിഹിതം എന്നാണ് പണം വാങ്ങിയതിനുശേഷം ഇവർക്ക് നൽകിയ രസീതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പരാതിയിൽ നടപടി സ്വീകരിച്ചുവെന്നും ചാരിറ്റബിൾ സൊസൈറ്റിയുടെ അധികൃതരോട് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോത്തൻകോട് എസ്എച്ച്ഒ ജി.ആർ.അജീഷ് പറഞ്ഞു. വൈകാതെ തന്നെ പണമോ, ഉപകരണങ്ങളോ നൽകാമെന്നു ചാരിറ്റബിൾ സൊസൈറ്റിയുടെ അധികാരികൾ അറിയിച്ചതായി പോലീസ് പറഞ്ഞു.