പട്ടം-മുറിഞ്ഞപാലം റോഡില്‍ മാലിന്യനിക്ഷേപം രൂക്ഷം
1511727
Thursday, February 6, 2025 6:33 AM IST
മെഡിക്കല്‍കോളജ്: പട്ടം-മുറിഞ്ഞപാലം റോഡില്‍ മാലിന്യനിക്ഷേപം രൂക്ഷമായി തുടരുന്നു. സിഗ്നല്‍ പോയിന്റിനു സമീപത്തുനിന്നു മുറിഞ്ഞപാലത്തേക്കു പോകുന്ന റോഡില്‍ ഉപയോഗശൂന്യമായി കിടക്കുന്ന സ്വകാര്യവ്യക്തിയുടെ ഭൂമിക്കരികിലാണ് മാലിന്യം നിക്ഷേപിച്ചു വരുന്നത്.
റോഡിന് അഭിമുഖമായുള്ള ഭൂമിയില്‍ ഉയരത്തില്‍ മതില് നിര്‍മിച്ചിട്ടില്ലാത്തതിനാല്‍ മണ്ണ് റോഡിലേക്ക് ഇറങ്ങിക്കിടക്കുന്നുണ്ട്. ഇവിടെയാണ് പ്ലാസ്റ്റിക് വേസ്റ്റുകളും ആഹാരാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത്. സ്വകാര്യഭൂമിയില്‍ നിക്ഷേപിക്കുന്ന മാലിന്യമാണ് കൂമ്പാരമായശേഷം റോഡിലേക്കു വീണുകിടക്കുന്നത്.
പ്ലാസ്റ്റിക് കവറുകള്‍ കാറ്റടിച്ച് റോഡിലേക്ക് ചിതറിക്കിടക്കുന്ന അവസരങ്ങളും കുറവല്ല. മണ്ണ് കൂടിക്കിടക്കുന്ന സ്ഥലത്ത് മത്സ്യമാംസാവശിഷ്ടങ്ങളും നിക്ഷേപിച്ചുവരുന്നുണ്ട്. ഇടറോഡായതുകൊണ്ട് പോലീസിന്റെയും മറ്റും പരിശോധന കുറവായതുകൊണ്ടുമാണ് മാലിന്യനിക്ഷേപം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ചില സ്ഥലങ്ങളില്‍ മതില്‍ക്കെട്ട് ബലക്ഷയംവന്ന നിലയിലും ചില സ്ഥലങ്ങളില്‍ മതില് ഇല്ലാത്ത അവസ്ഥയിലുമായതിനാല് കാടുപിടിച്ചു കിടക്കുന്ന ഭാഗത്താണ് കൂടുതലായി മാലിന്യം നിക്ഷേപിക്കുന്നത്. പകല്‍സമയത്ത് വാഹനത്തിരക്കുണ്ടെങ്കില് രാത്രികാലത്ത് ആഹാരം അന്വേഷിച്ചെത്തുന്ന തെരുവുനായ്ക്കള്‍ വാഹനയാത്രികര്‍ക്ക് ജീവനു ഭീഷണി സൃഷ്ടിക്കുന്നുണ്ട്.