വാന്റോസ് ജംഗ്ഷനില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു
1511386
Wednesday, February 5, 2025 6:41 AM IST
പേരൂര്‍ക്കട: തിരുവനന്തപുരം വാന്റോസ് ജംഗ്ഷനില്‍ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു. ബേക്കറി ജംഗ്ഷനില്‍നിന്നു 100 മീറ്റര്‍ മാത്രം അകലെയായാണു തിരക്കേറിയ പ്രധാന റോഡില്‍ ഒരാഴ്ചയായി ജലമൊഴുകുന്നത്. വാട്ടര്‍ അഥോറിറ്റി പാറ്റൂര്‍ സെക്ഷനുമായി ബന്ധപ്പെട്ട സ്ഥലമാണ് ഇത്. ടാറിനു മുകളിലൂടെ ജലം പാഴാകുന്നതിനാല്‍ വാഹനയാത്രക്കാരും സമീപത്തെ വ്യാപാരികളും ബുദ്ധിമുട്ടിലായിട്ടുണ്ട്.
പൈപ്പ് പൊട്ടിയ റോഡിന്റെ ഒരുവശം മുഴുവന്‍ വ്യാപാരസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ബേക്കറി ജംഗ്ഷനിലെ പെട്രോള്‍ പമ്പില്‍നിന്നു കഷ്ടിച്ച് 50 മീറ്ററാണ് ഇവിടേക്കുള്ള ദൂരം. കാസ്റ്റ് അയണ്‍ പൈപ്പാണ് ഇതുവഴി കടന്നുപോകുന്നതെന്നും പൈപ്പ് പൊട്ടല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമാണ് അഥോറിറ്റി പറയുന്നത്.
സംഗീതകോളജ് ജംഗ്ഷനില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടാന്‍ കാരണം അമിത ജലച്ചോര്ച്ചയാണെന്നു കരുതുന്നു. പ്രശ്നം ഉടൻ പരിഹരിക്കുമെന്നു വാട്ടര്‍അഥോറിറ്റി അറിയിച്ചു.