എംസിബിഎസ് കലാഗ്രാമം 28-ാം വാര്‍ഷിക പരിപാടികള്‍
1511718
Thursday, February 6, 2025 6:23 AM IST
തിരുവനന്തപുരം: പട്ടത്ത് പ്രവര്‍ത്തിക്കുന്ന എംസിബിഎസ് കലാഗ്രാമം ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് മ്യൂസിക്, ലാഗ്വേജ് ആന്‍ഡ് ആര്‍ട്സിന്റെ 28-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം. സത്യന് ഉദ് ഘാടനം ചെയ്തു.
കേരളത്തില്‍ കാലാകാരന്മാരെ വളര്‍ത്തുന്നതില്‍ നിര്‍ണായയ പങ്കുവഹിച്ചവരാണ് വൈദീകരെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ലോകത്തേക്കാണ് കല നമ്മെ കൈപിടിച്ചു നയിക്കുന്നത്.
എല്ലാറ്റിനെയും ഒരുമിപ്പിക്കുന്നതിനുള്ള കഴിവ് കലയ്ക്കുണ്ട്. വിശക്കുമ്പോള്‍ മനസിനു നല്കുന്ന നല്ല ഭക്ഷണമാണ് കല. പുതിയ തലമുറയെ 28 വര്‍ഷമായി കൈപിടിച്ചു നടത്തുന്നത് ചെറിയ കാര്യമല്ല. ലാഭേച്ഛയില്ലാതെ ഈ ദൗത്യം ഏറ്റെടുത്തു നടത്തുന്ന കലാഗ്രാമത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഫാ. മാത്യു മൈലാടി എംസിബിഎസിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നമ്മുടെ സമൂഹത്തില്‍ മനുഷ്യനും ദൈവത്തിനും വേണ്ടി ജീവിക്കുന്ന വ്യക്തിത്വമാണ് ഫാ. മാത്യു മൈലാടി എംസിബിഎസ് എന്ന് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച എമ്മാവൂസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യള്‍ സുപ്പീരിയര്‍ ഫാ. ജോസഫ് ചൊവ്വേലിക്കുടിയില്‍ എംസിബിഎസ് പറഞ്ഞു. ദൈവത്തിന്റെ സൂക്ഷിപ്പുകളായ നന്മയുള്ള ഇടമാണ് ഈ സ്ഥാപനം. മൂന്നുപതിറ്റാണ്ടോളം കുട്ടികളെ ഈ സ്ഥാപനത്തില്‍ അയച്ചു കല അഭ്യസിച്ച മാതാപിതാക്കളോടു നന്ദിപറയുന്നു. വൈദീക ജൂബിലി ആഘോഷിക്കുന്ന ഫാ. മാത്യു മൈലാടി എംസിബിഎസിന് പ്രാര്‍ഥനാമംഗളങ്ങള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.
കലാഗ്രാമം ഡയറക്ടര്‍ ഫാ. വിപിന്‍ ചേരാടില് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ശുചിത്വ മിഷന് ഡയറക്ടര്‍ യു.വി. ജോസ് കലാഗ്രാമം ജേര്‍ണല്‍ റിലീസ് നിര്‍വഹിച്ചു. പ്രഫ. ഡോ. കെ. ഓമനക്കുട്ടി, സീമാറ്റ് ഡയറക്ടര്‍ ഡോ.വി.ടി. സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കലാഗ്രാമത്തിലെ കുട്ടികളുടെ അരങ്ങേറ്റവും ദിവാ കൃഷ്ണയുടെ പാട്ട് വര്‍ത്തമാനവും ഇതോടൊപ്പം അരങ്ങേറി. കലാഗ്രാമം സ്ഥാപകനും ചെയര്‍മാനുമായ ഫാ.മാത്യു മൈലാടി എംസിബിഎസ് നന്ദി പറഞ്ഞു.