കളക്ടര്‍ ഇടപെട്ടു; ദിശതെറ്റിയ നിരീക്ഷണകാമറ ശരിയായ ദിശയില്‍
1511390
Wednesday, February 5, 2025 6:51 AM IST
പേരൂര്‍ക്കട: ജില്ലാ കളക്ടര്‍ അനുകുമാരിയുടെ ഇടപെടലിനെ തുടര്‍ന്നു കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ ദിശതെറ്റിയ നിരീക്ഷണക്യാമറ ശരിയായ ദിശയിലായി. എ ബ്ലോക്കില്‍ കാന്റീനിന്റെ എതിര്‍വശത്തായി സ്ഥാപിച്ചിട്ടുള്ള കാമറയാണു ദിശതെറ്റിയ നിലയില്‍ കണ്ടെത്തിയത്. പാര്‍ക്കിംഗ് സ്ഥലം മുതല്‍ 400 മീറ്ററോളം വരുന്ന പ്രധാന റോഡ് നിരീക്ഷിക്കുന്നതിനുവേണ്ടിയാണു ഹൈപവര്‍ കാമറ സ്ഥാപിച്ചത്.
കാമറയുടെ പ്രശ്നം സംബന്ധിച്ച് ദീപിക ഞായറാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് കളക്ടറുടെ നടപടി. അതിനിടെ ക്യാമറയുടെ ദിശ ചിലര്‍ തെറ്റിച്ചുവച്ചതെന്നാണ് ആരോപണം ഉയര്‍ന്നിരുന്നു. കെല്‍ട്രോണാണു മാസങ്ങള്‍ക്കുമുമ്പ് സിവില്‍സ്റ്റേഷന്റെ പ്രധാന കേന്ദ്രങ്ങളില്‍ 20-ഓളം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്.