ജനമൈത്രി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പൊന്മുടി യുപിഎസിലെ കുരുന്നുകൾ
1511393
Wednesday, February 5, 2025 6:51 AM IST
പൊന്മുടി : നാട്ടിലെ ക്രമസമാധാന പാലനത്തെപ്പറ്റിയും, സുരക്ഷാ സംവിധാനങ്ങൾ, നിയമപരിപാലനം എന്നിവയെപ്പറ്റി യും മനസിലാക്കാൻ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പൊന്മുടി യുപി സ്കൂളിലെ കുരുന്നുകൾ. സ്കൂളിലെ പ്രഥമാധ്യാപികയോടും മറ്റ് അധ്യാപകരോടുമൊപ്പമാണ് കുട്ടികൾ പൊന്മുടി പോലീസ് സ്റ്റേഷനിൽ എത്തിയത്.
നൂറുകണക്കിനു സഞ്ചാരികൾ ദിനവും എത്തുന്ന പൊന്മുടി അപ്പർ സാനിറ്റോറിയത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷൻ ഈ പ്രദേശത്തെ ക്രമസമാധാന പാലനത്തിൽ നിസ്തുല്യമായ പങ്ക് വഹിച്ചു വരുന്നു.
സ്റ്റേഷനിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ മുതൽ താഴോട്ടുള്ള എല്ലാ ഉദ്യോഗസ്ഥരെപ്പറ്റിയും അവരുടെ സ്ഥാനപ്പേരുകളെപ്പറ്റിയും, ഓരോരുത്തരുടെയും ചുമതലകളെ പറ്റിയും സ്റ്റേഷനിലെ പ്രധാന പ്രവർത്തനങ്ങളെപ്പറ്റിയും സുരക്ഷാ ഉപകരണങ്ങളെ പറ്റിയും, വയർലെസ് സംവിധാനത്തെപ്പറ്റിയും പോലീസ് ഉദ്യോഗസ്ഥനായ അജീഷ് സാർ കുട്ടികൾക്ക് ക്ലാസെടുത്തു.
ലാത്തി, തോക്ക്, വിലങ്ങ്, ലോക്കപ്പ് മുറികൾ, തൊണ്ടി മുതലുകൾ ശേഖരിച്ചു സൂക്ഷിച്ചു വയ്ക്കുന്ന സുരക്ഷ മുറികൾ, സുരക്ഷാ ഉപകരണങ്ങൾ ഇവയൊക്കെ കുട്ടികൾക്ക് കൗതുക കാഴ്ചകളായി. ഒരു പ്രദേശത്തെ സമാധാനപരമായ മനുഷ്യജീവിതത്തിന് കാവലാളുകളായി വർത്തിക്കുന്നവരാണ് പോലീസുകാർ.
മാത്രമല്ല പോലീസ് സ്റ്റേഷനുമായി സഹകരിച്ച് ലീഗൽ സർവീസ് അഥോറിറ്റിയുടെ സേവനവും ലഭിച്ചു വരുന്നു. പ്രദേശത്ത് നിയമസഹായം ആവശ്യമുള്ളവർക്ക്, ആവശ്യമായ കൗൺസിലിംഗും മറ്റു സഹായങ്ങളും ചെയ്തു കൊടുക്കുന്നതിൽ ലീഗൽ സർവീസ് അഥോറിറ്റി എന്നും കൂടെയുണ്ടാവുമെന്നും ഉദ്യോഗസ്ഥയായ പ്രിയങ്ക കുട്ടികളെ ബോധ്യപ്പെടുത്തി.
മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെപ്പറ്റിയും, ഫോൺ ഉപയോഗം കുട്ടികളെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നും മൊബൈൽ ഫോണിന്റെ ഉപയോഗം കുറയ്ക്കണമെന്നും അതിലൂടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിയുമെന്നും കുട്ടികളെ ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തി. കുട്ടികൾക്കായി സ്വരുക്കൂട്ടിയ പഠന സാമഗ്രികൾ സബ് ഇൻസ്പെക്ടറുടെ കൈയിൽ നിന്നും പ്രഥമാധ്യാപിക സ്വീകരിച്ചു.