തങ്ങൽ വള്ളക്കാരെ ഭീതിയിലാക്കി കടൽക്കാറ്റ്
1511381
Wednesday, February 5, 2025 6:41 AM IST
വിഴിഞ്ഞം: കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി ഗൂഗിളിൽ നോക്കി വള്ളമിറക്കിയെങ്കിലും ഉൾക്കടലിൽ മീൻ പിടിക്കാൻ പോയ തങ്ങൽ വള്ളക്കാർക്കു തുടർച്ചയായി വീശിയടിച്ച കാറ്റിൽ പിടിച്ചു നിൽക്കാനായില്ല. മീൻ പിടിത്തം ഉപേക്ഷിച്ച തൊഴിലാളികൾ വള്ളം കരക്കടുപ്പിച്ചു.
വിഴിഞ്ഞത്തുനിന്ന് 140 ഓളം കിലോമീറ്റർ ഉൾക്കടലിൽ പോയവരെയാണ് ശക്തമായ കാറ്റ് പേടിപ്പെടുത്തിയത്. ഓഖി ദുരന്തത്തിനുശേഷം ചുരുക്കം വള്ളങ്ങളാണ് വിഴിഞ്ഞത്തുനിന്ന് ഉൾക്കടലിൽ മീൻ പിടിത്തത്തിനു പോകുന്നത്.
കടലിൽ അടിക്കടിയുണ്ടാകുന്ന മാറ്റവും കാലാവസ്ഥാ വ്യതിയാനവും പരമ്പരാഗതക്കാരായ മീൻപിടിത്തക്കാരെ ദൂരെ പോകുന്നതിൽനിന്നും അകറ്റി. മറ്റു മേഖലകളിൽ മീൻ ലഭ്യത തീരെ കുറഞ്ഞതോടെ കന്യാകുമാരിക്കുമപ്പുറം മൂന്നു കടലുകൾ സംഗമിക്കുന്ന ഉൾക്കടലാണ് ഭൂരി പക്ഷംതങ്ങൾ വള്ളക്കാരുടെ നിലവിലെ ആശ്രയം.
ഈ മേഖലയിൽ കഴിഞ്ഞ ദിവസം പോയവരെയാണ് കാറ്റും ശക്തമായ തിരമാലകളും പേടിപ്പെടുത്തിയത്. ഒൻപതു മണിക്കൂറോളം യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തിമീൻ പിടിത്തം തുടങ്ങിയവർ നഷ്ടക്കണക്കുകൾ എണ്ണി ഇന്നലെ ഉച്ചയോടെ മടങ്ങിയെത്തി.
രണ്ടും മൂന്നും ദിവസത്തെ കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗൂഗിളിൽ നോക്കി പേപ്പറിൽ കുറിച്ചുവച്ചാണു സംഘങ്ങൾ ഉൾക്കടൽ ലക്ഷ്യമാക്കിത്തിരിക്കുന്നത്. എന്നാൽ കണക്കുകൂട്ടലുകൾക്കപ്പുറം കടൽ ഒഴുക്കിനെതിരെ വീശിയ കാറ്റുകടൽക്ഷോഭത്തിനു കാരണമായി. ഇ തോടെ പിടിച്ചു നിൽക്കാനായില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
പൊതുവിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് ഒരു വിഭാഗം ഉൾക്കടൽ ലക്ഷ്യ മാക്കി ജീവൻ പണയം വച്ചും വള്ളമിറക്കുന്നത്. പ്രകൃതി ശക്തിയായ കടലിന്റെ സ്വഭാവം ഏതു സമയത്തും മാറാമെന്നതും ഇവർക്ക് തിരിച്ചടിയായി. മത്സ്യവർധന ഉറപ്പാക്കാൻ അധികൃതർ കോടികൾ മുടക്കി കൃത്രിമ പാരുകൾ നിക്ഷേപിച്ചെങ്കിലും കാര്യമായ പ്രയോജനമില്ലെന്നും തൊഴിലാളികൾ പറയുന്നു.
തുറമുഖ ത്തേക്കുള്ള കപ്പലുകളുടെ വരവു വർധിച്ചതോടെ തീരത്തോടു ചേർന്നു നിക്ഷേപിച്ച പാരുകൾ പ്രയോജനമില്ലാ തായെന്നും ഇവർ വാദിക്കുന്നു.