സ്വാതന്ത്ര്യ സമര സ്മൃതി പാർക്ക് നിർമാണം : എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം വേണം: നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ
1496345
Saturday, January 18, 2025 6:43 AM IST
നെടുമങ്ങാട് : സ്വാതന്ത്ര്യ സമര സ്മൃതി പാർക്കിനായി നെടുമങ്ങാട് നഗരസഭ സ്ഥലം വിലയ്ക്ക് വാങ്ങുന്നതിൽ അഴിമതിയുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചെയർപേഴ്സൺ സി. എസ്. ശ്രീജ പറഞ്ഞു.
മാസ്റ്റർ പ്ലാനിൽ പാർക്കിനായി നിർദേശിച്ചിട്ടുള്ള കല്ലിംഗലിന് സമീപമുള്ള ഒരു ഏക്കർ 28 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങുന്നതിന് സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തിയ 10 കോടി രൂപയിൽ 2023-24 ലെ അഞ്ചു കോടി രൂപയും നഗരസഭയുടെ മൂന്ന് കോടി രൂപയും വിനിയോഗിച്ച് ആദ്യഘട്ടമായി 54 സെന്റ് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
തഹസിൽദാരോട് വില നിശ്ചയിച്ചു നൽകാൻ ആവശ്യപ്പെട്ടതനുസരിച്ചു സെന്റിന് 12,50220/- രൂപ വില നിശ്ചയിച്ച് നൽകുകയും ചെയ്തു. ഇതിൻ പ്രകാരം വസ്തു ഉടമയെ വിളിച്ചുവരുത്തി സംസാരിച്ചപ്പോൾ ഉടമ എഴുതി നൽകിയ 18 ലക്ഷം രൂപയിൽ കുറയില്ലായെന്ന് പറയുകയും ചെയ്തു. ഒടുവിൽ 15 ലക്ഷം രൂപയ്ക്ക് തരാമെന്ന് സമ്മതിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.
ഈ വില നൽകുമ്പോൾ തഹസിൽദാർ നിശ്ചയിച്ച വിലയേക്കാൾ 19.98 ശതമാനം കൂടുതൽ അധികരിച്ച് നൽകേണ്ടിവരും. തഹസിൽദാർ നിശ്ചയിക്കുന്ന വിലയേക്കാൾ 30 ശതമാനം അധികം നൽകി വാങ്ങാൻ കൗൺസിലിന് അധികാരം ഉണ്ട്. അതുപ്രകാരം പല സമയങ്ങളിലും ഇത്തരത്തിൽ അധിക തുക നൽകി വസ്തു വാങ്ങിയിട്ടുണ്ടന്നും അവർ പറഞ്ഞു.
കഴിഞ്ഞ 13 ന് കൂടിയ കൗൺസിലിൽ വസ്തു വാങ്ങൽ വിഷയം അജണ്ടയായി വച്ചു. എന്നാൽ,വസ്തുവിന്റെ വില നിർണയവുമായി ബന്ധപ്പെട്ട് ചില കോൺഗ്രസ് കൗൺസിലർമാരുടെ ഭാഗത്ത് നിന്ന് എതിർപ്പ് ഉയർന്നതിന്റെ ഭാഗമായി വില കുറയ്ക്കുന്നതിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് പരിശോധിക്കുന്നതിന് അജണ്ട മാറ്റി വയ്ക്കുകയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി ജി.ആർ.അനിലിന്റെ സാന്നിധ്യത്തിൽ നഗരസഭ കൗൺസിലിൽ പ്രാതിനിധ്യമുള്ള രാഷ്ടീയ പാർട്ടികളുടെ സർവ്വകക്ഷിയോഗം വിളിച്ചു ചേർത്തു. യോഗത്തിൽ സിപിഎം, സിപിഐ, ബിജെപി എന്നീ കക്ഷികളുടെ പ്രതിനിധികൾ പങ്കെടുത്തു.
പൊതുവെ യോഗത്തിൽ പങ്കെടുത്ത മുഴുവൻ പേരും സ്വാതന്ത്ര്യ സ്മൃതി പാർക്കിനായി സ്ഥലം വാങ്ങണമെന്ന് തന്നെയാണ് അഭിപ്രായപ്പെട്ടത്. വസ്തു വാങ്ങിയില്ലെങ്കിൽ 2023-24 സംസ്ഥാന ബജറ്റിൽ അനുവദിച്ച അഞ്ചു കോടി രൂപ ലാപ്സായി പോകുന്ന അവസ്ഥ ഉണ്ടാകുമെന്നും ആയതിനാൽ സ്വാതന്ത്ര്യ സമര സ്മൃതി പാർക്ക് യാഥാർഥ്യമാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം വേണമെന്നും അവർ പറഞ്ഞു.
വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ഹരികേശൻ, ബി. സതീശൻ എന്നിവരും പങ്കെടുത്തു.
എട്ടര കോടി മുടക്കി ഭൂമി വാങ്ങുന്നതിൽ വൻഅഴിമതി: കോൺഗ്രസ്
നെടുമങ്ങാട് : നഗരസഭയിൽ എട്ടര കോടി മുടക്കി ഭൂമി വാങ്ങുന്നതിൽ വൻ അഴിമതിയുള്ളത് കൊണ്ടാണ് കോൺഗ്രസ് കൗൺസിലർമാർ വിയോജിപ്പ് രേഖപ്പെടുത്തിയത് എന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ പുങ്കുംമൂട് അജി പറഞ്ഞു.
വികസന ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ശക്തമായനിയമം നിലനിൽക്കേ അത് പ്രയോജനപ്പെടുത്താതെ സാമ്പത്തിക താല്പ്പര്യം മുന്നിൽകണ്ടാണ് നഗരസഭാ ഭരണസമിതിയും, മന്ത്രി ജി.ആർ. അനിലും തഹസിൽദാർ നിശ്ചയിച്ച വിലയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ അധികം നൽകി ഭൂമിവാങ്ങുന്നതിന് നീക്കം നടത്തുന്നത്. നഗരസഭ മുൻ കാലങ്ങളിൽ വാങ്ങിയ ഭൂമികൾ ഉപയോഗപ്പെടുത്താതെ കിടക്കുമ്പോഴാണ് വീണ്ടും ഭൂമിവാങ്ങുന്നത്.
കോൺഗ്രസ് കൗൺസിലർമാരുടെ എതിർപ്പിനെ തുടർന്ന് അഴിമതി പുറത്തായപ്പോഴാണ് എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി കമ്മിറ്റിരൂപികരിക്കാമെന്ന കണ്ണിൽ പൊടിയിടുന്ന പരിപാടിയുമായി അധികാരികൾ ഇറങ്ങിയിട്ടുള്ളതെന്നും.
തഹസിൽദാർ നിശ്ചയിച്ച വിലയ്ക്ക് ഭൂമി വാങ്ങുന്നതിന് തങ്ങൾ എതിരല്ലെന്നും മറിച്ച് അധികം വിലനൽകുന്ന അഴിമതി കച്ചവടത്തിനെതിരെ സമരം ശകതമാക്കുമെന്നും കോൺഗ്രസ് അറിയിച്ചു .
പ്രതിഷേധവുമായി ബിജെപിയും
നെടുമങ്ങാട് : നഗരസഭ കല്ലിങ്കലിന് സമീപം 54 സെന്റ് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വിലയിൽ കൂടുതൽ തുക ഉപയോഗിച്ച് വാങ്ങാനുള്ള തീരുമാനം മാറ്റണമെന്ന് ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ആർ. ഹരിപ്രസാദ് ആവശ്യപ്പെട്ടു.
പതിമൂന്നിന് നടന്ന നഗരസഭ കൗൺസിലിൽ ബിജെപി എതിർപ്പ് അറിയിച്ചിരുന്നു. ബിജെപി കൗൺസിലർമാരുടെ എതിർപ്പിനെ തുടർന്നായിരുന്നു 15ന് മന്ത്രി ജി. ആർ. അനിൽ സർവകക്ഷി യോഗം വിളിച്ചു ചേർത്തത്.
ആ യോഗത്തിലും ബിജെപി പ്രതിനിധിയും ബിജെപി കൗൺസിലർമാരും കൂടുതൽ തുക നൽകി ഭൂമി വാങ്ങുന്നതിന് എതിർപ്പ് അറിയിച്ചിരുന്നു. തീരുമാനവുമായി മുന്നോട്ടു പോവുകയാണെങ്കിൽ വൻ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് ബിജെപി അറിയിച്ചു .