മുംബൈ മാരത്തൺ: ഡോ. കെ.എം. ഏബ്രഹാമിന് ജഴ്സിയും ഫ്ലാഗും കൈമാറി മുഖ്യമന്ത്രി
1496336
Saturday, January 18, 2025 6:33 AM IST
തിരുവനന്തപുരം: മുംബൈ മാരത്തണിൽ ഓടാനൊരുങ്ങുന്ന ഡോ. കെ.എം. ഏബ്രഹാമിന് മുഖ്യമന്ത്രി പിണറായി വിജയൻ ജഴ്സിയും ഫ്ലാഗും കൈമാറി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഓയുമാണ് ഡോ. കെ.എം. ഏബ്രഹാം.
വയനാട്ടിൽ വൻ നാശം വിതച്ച ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ്ടണു ഡോ. കെ. എം. ഏബ്രഹാം മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്. 42കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ നാളെ നടക്കും.
വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ജഴ്സിയും ഫ്ലാഗുമാണ് മുഖ്യമന്ത്രി കൈമാറിയത്. മന്ത്രിസഭാ യോഗത്തിനു ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. "റൺ ഫോർ വയനാട് " എന്ന ആശയം മുൻനിർത്തി തയാറാക്കിയ ജഴ്സിയിലും ഫ്ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള ആഹ്വാനവുമുണ്ട്. സിഎംഡിആർഎഫിന്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വയനാട് ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് നിർമിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസി ആയ കിഫ് കോണിന്റെ ചെയർമാനും ഡോ. കെ.എം. ഏബ്രഹാമാണ്. നേരത്തേ ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തണും ഡോ. കെ.എം.എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു.