വെഞ്ഞാറമൂട് മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തി
1496334
Saturday, January 18, 2025 6:33 AM IST
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജംഗ്ഷനിലെ തിരക്കിന്റെ കുരുക്കഴിയ്ക്കാൻ മേൽപ്പാലം യാഥാർഥ്യമാകുന്നു. പാലത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ഡി.കെ മുരളി എംഎൽഎ അധ്യഷനായിരുന്നു. മന്ത്രി ജി.ആർ. അനിൽ, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ, എ.എ. റഹിം എംപി, കോലിയക്കോട് എൻ. കൃഷ് ണൻ നായർ, എം. അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു. 27.95 കോടി രൂപ ചെലവിലാണ് മേൽപ്പാലം നിർമിക്കുക.
മുൻപ് അഞ്ചു തവണ ടെൻഡർ ക്ഷണിച്ചിരുന്നു. അന്നെല്ലാം എസ്റ്റിമേറ്റ് തുകയിൽവന്ന മാറ്റം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ നടപ്പിലായില്ല. മാർച്ചിൽ വിളിച്ച ആറാമത്തെ ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്.
മേൽപാലത്തിന്റെ നിർമാണപ്രവൃത്തിയിൽ 11 സ്പാനുകളിലായി 337 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമുള്ള ഫ്ലൈ ഓവർ നിർമാണവും ഇരുവശങ്ങളിലുമുള്ള റിട്ടയിനിംങ് വാൾ, ട്രയിൻ എന്നിവയും ചെയ്യും. 50 മീറ്റർ വീതം നീളത്തിൽ ഇരു വശങ്ങളിലും അനുബന്ധ റോഡിന്റെ നിർമാണവും നടത്തും. നിർമാണത്തിന്റെ പൂർത്തീകരണ കാലാവധി രണ്ടുവർഷമാണ്.