ഗോപന് സ്വാമിയുടെ സമാധി ചടങ്ങുകള്‍ നടത്തി
1496338
Saturday, January 18, 2025 6:33 AM IST
നെയ്യാറ്റിന്‍കര: അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (70) യുടെ സമാധി ചടങ്ങുകള്‍ പൂര്‍ത്തിയായി.
കഴിഞ്ഞ ദിവസം പഴയ സമാധി മണ്ഡപം പൊളിച്ചു ഗോപന് സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത ഗോപന് സ്വാമിയുടെ മൃതദേഹം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍നിന്നും ഇന്നലെ ജപയാത്രയോടെയാണു വീട്ടുവളപ്പിലെത്തിച്ചത്.
തുടർന്നു നിരവധി സന്യാസിമാരുടെ കാര്‍മികത്വത്തിലാണു മഹാസമാധി ചടങ്ങുകള്‍ നടത്തിയത്. അതേ സമയം, ഗോപന് സ്വാമിയുടെ മരണം സംബന്ധിച്ച അവ്യക്തത ഇനിയും ബാക്കി. മൃതദേഹത്തിന്റെ രാസപരിശോധനാഫലം ലഭിച്ചാലേ മരണകാരണം വ്യക്തമായി അറിയാനാവുകയുള്ളൂ.