തൊടുപുഴ: കടന്നലിന്റെ കുത്തേറ്റ് സ്കൂള്‍ വിദ്യാര്‍ഥിക്കും രക്ഷിക്കാനെത്തിയ ബന്ധുവിനും ഗുരുതര പരിക്കേറ്റു. തൊടുപുഴ മണക്കാട് രാജേഷ് ഭവനില്‍ ശ്രീരാജ് (15) , മുത്തച്ഛന് രാജു (72) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കടന്നലിന്റെ കുത്തേറ്റ് അവശനിലയിലായ ഇവരെ തൊടുപുപുഴയില് നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം ഇന്നു രാവിലെ 8.40 ഓടെയാണ് സംഭവം. ശ്രീരാജ് സ്കൂളിലേക്കു പോകുന്ന വഴി കടന്നലുകള്‍ ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് രാജുവിനെയും കടന്നലുകള്‍ കുത്തിയത്. ശ്രീരാജ് കൈയിലുണ്ടായിരുന്ന റെയിന്‍കോട്ട് ഉപയോഗിച്ച് ശരീരം മൂടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കടന്നലുകള്‍ ദേഹമാസകലം കുത്തിയിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബിജു പി.തോമസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് എത്തി തീ വീശി കടന്നലുകളെ അകറ്റിയാണ് ഇരുവരെയും ആംബുലന്‍സില്‍ കയറ്റി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
Tags : Wasp Attack Thodupuzha Student Grandfather