കൊച്ചി: ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസിൽ രണ്ട് വിദ്യാർഥികളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25ന് ഇടപ്പള്ളി - കളമശേരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിൽ നടന്ന സംഭവത്തിൽ അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥികളെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുൻപാകെ ഹാജരാക്കി.
15 ദിവസത്തേക്ക് ഇവരെ കാക്കനാട് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. കല്ലേറിൽ നെടുമങ്ങാട് സ്വദേശിയായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ രഞ്ജിത്തിനു പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വിദ്യാർഥികൾ നിരവധി തവണ കല്ലെറിയുന്നതായി ദൃശ്യങ്ങളിലുണ്ട്. തമാശയ്ക്കാണ് തങ്ങൾ കല്ലെറിഞ്ഞതെന്ന് ഇവർ മൊഴി നൽകി.