തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കേന്ദ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കേരള പaലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ല. ഇത്രമാത്രം വലിയ കൊള്ള നടന്നപ്പോള്‍, ആ കൊള്ളയ്ക്ക് പിന്നില്‍ എന്തൊക്കെയാണ് നടന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്.
ദേവസ്വം ബോര്‍ഡിന്റെ ചുമതല വഹിച്ചവര്‍ക്ക് പങ്കാളിത്തമുണ്ടോ, ഉദ്യോഗസ്ഥരില്‍ ആരെങ്കിലും അതില്‍ പങ്കാളികളാണോ എന്നതെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
ഇതേക്കുറിച്ചെല്ലാം സമഗ്രമായ അന്വേഷണം നടത്തിയാല്‍ മാത്രമേ സത്യം പുറത്തു വരികയുള്ളൂ. യാഥാർഥ്യം അറിയാന്‍ ഭക്തജനങ്ങള്‍ക്ക് അവകാശമുണ്ട്. സംസ്ഥാനത്തെ ക്രൈംബ്രാഞ്ചിനെയോ മറ്റോ ഏല്‍പ്പിച്ചാല്‍ നീതിയുക്തമായ അന്വേഷണം ആയിരിക്കില്ലെന്ന അഭിപ്രായമാണ് യുഡിഎഫിന് ഉള്ളത്.
കേന്ദ്ര ഏജൻസിയോ അല്ലെങ്കിൽ, കോടതിയുടെ മേല്‍നോട്ടത്തില്‍, കോടതി നിരീക്ഷണത്തിലുള്ള അന്വേഷണമോ നടക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ശബരിമല സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുക്കണം. സിബിഐ ഏറ്റെടുത്താല്‍ ഇതിലെ വരും വരായ്കകള്‍ പുറത്തു വരും. സിബിഐ ഏറ്റെടുത്തുകൊണ്ട് ആരൊക്കെയാണ് കൊള്ളയില്‍ പങ്കാളിത്തം വഹിച്ചത്, ഏതൊക്കെ തരത്തില്‍ പങ്കാളിത്തമുണ്ട് എന്നതെല്ലാം പുറത്തു വരണം. അയ്യപ്പന്റെ മുന്നില്‍ ഭക്തിപൂര്‍വം സമര്‍പ്പിക്കുന്നത് അടിച്ചു മാറ്റിക്കൊണ്ടുപോകുന്നത് ഭക്തജനങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്നതല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
Tags : Sabarimala controversy Adoor Prakash demands central probe