കൊച്ചി: നാവികദിനാഘോഷത്തോടനുബന്ധിച്ച് എല്ലാ വർഷവും കൊച്ചിയിൽ നടന്നു വരുന്ന നാവികാഭ്യാസ പ്രകടനങ്ങൾ ഇത്തവണ തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ നടക്കുമെന്ന് ഐഎൻഎസ് വെണ്ടുരുത്തി കമാൻഡിംഗ് ഓഫീസർ കമ്മഡോർ വി.ഇസഡ്. ജോബ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ ദിനേശ് ത്രിപാഠിയുടെ നേതൃത്വത്തിലായിരിക്കും നാവിക ദിനാഘോഷച്ചടങ്ങുകൾ നടക്കുക. പ്രധാന നാവിക ആസ്ഥാനങ്ങൾക്കുപുറമെ മറ്റു സ്ഥലങ്ങളിലും പരിപാടികൾ നടത്തുക എന്ന നാവിക സേനാ പദ്ധതിയുടെ ഭാഗമായാണ് ഇത്തവണ നാവിക ദിനാഘോഷം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.
മുൻ വർഷങ്ങളിൽ ഒഡീഷയിലെ പുരിയിലും മഹാരാഷ്ട്രയിലെ സിന്ധുദുർഗിലും നാവികാഭ്യാസ പ്രകടനങ്ങൾ നടത്തിയിരുന്നു.
വാരാഘോഷത്തിന്റെ ഭാഗമായി നവംബർ എട്ടിന് ഭിന്നശേഷി കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും നാവികാസ്ഥാനം സന്ദർശിക്കാം. 10,11 തീയതികളിൽ സ്കൂൾ വിദ്യാർഥികൾക്ക് ഐഎൻഎസ് ഗരുഡയും നാവിക കപ്പലുകളും സന്ദർശിക്കാൻ അവസരമുണ്ടാകും. ആധുനിക ആയുധങ്ങൾ, യുദ്ധോപകരണങ്ങൾ, വിമാന മോഡലുകൾ എന്നിവയും ഇതോടനുബന്ധിച്ച് പ്രദർശിപ്പിക്കും. വിരമിച്ച നാവികരുടെ സംഗമവും കൊച്ചിയിൽ ഒരുക്കിയിട്ടുണ്ട്.
നവംബർ 26 ന് ദക്ഷിണ നാവിക കമാൻഡ് ബാൻഡ് തിരുവനന്തപുരത്ത് സംഗീത പരിപാടി അവതരിപ്പിക്കും.
ഡിസംബർ പത്തിന് കൊച്ചിയിലെ സാഗരിക ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കായി സംഗീതപരിപാടി നടക്കും. ഡിസംബർ 21ന് നേവി മാരത്തൺ കൊച്ചിയിൽ നടക്കും.
Tags : Navy Day