ന്യൂഡൽഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ കൂടിക്കാഴ്ച ഗുണകരമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത 66ല്‍ സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ റീച്ചുകളുടെ ഉദ്ഘാടനം ജനുവരിയില്‍ നടത്തും.
ഉദ്ഘാടനത്തിന് നിതിന്‍ ഗഡ്കരി കേരളത്തില്‍ എത്തും. ദേശീയ പാത വികസനത്തിനായി സ്ഥലം ഏറ്റെടുത്തതില്‍ കേരളം കൊടുക്കാനുള്ള 237 കോടി കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളും.പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കിയെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത 66-മായി ബന്ധപ്പെട്ട് മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ സർക്കാരെടുക്കുന്ന പൊതു നിലപാടിനെ കേന്ദ്രമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ദേശീയപാത 66 മായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ പ്രാദേശികമായി ഉണ്ട്.
അത് ഡിപിആർ തയാറാക്കുന്ന സമയത്തുതന്നെ കുറച്ചുകൂടിശ്രദ്ധിക്കേണ്ടതായിരുന്നുവെന്നതാണ് പൊതുനിലപാട്. സംസ്ഥാനസർക്കാരിന്റെ നിലപാട് നേരത്തേ അറിയിച്ചതാണ്. അദ്ദേഹത്തിനും വ്യത്യസ്തമായ അഭിപ്രായമില്ല.
ചിലയിടത്ത് അണ്ടർപാസ് വേണം. സർക്കാർ മുന്നോട്ടുവെച്ച ഇത്തരം കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ടുപോവാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി. എൻഎച്ച് 866 പ്രവൃത്തിയുടെ എല്ലാ തടസങ്ങളും നീക്കാനുള്ള കർക്കശ നിലപാടാണ് കേന്ദ്രമന്ത്രിസ്വീകരിച്ചത്.
എൻഎച്ച് 744 പ്രവൃത്തി ഉദ്ഘാടനത്തിന് തയാറാകാനുള്ള നിർദേശവും നൽകുകയും ഇടമൺ - കൊല്ലം റോഡ് പരിഷ്കരിച്ച ഡിപിആർ ഡിസംബറിൽ സമർപ്പിക്കാനും തീരുമാനിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Tags : mohamed riyas meeting with nitin gadkari