കോട്ടയം: പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം. ഘടക കക്ഷിയായ സിപിഐ ശക്തമായ ഭാഷയില്‍ വിയോജിപ്പ് അറിയിച്ച് രംഗത്തുവന്നപ്പോഴാണ് കേരള കോണ്‍ഗ്രസ് എം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെയും സര്‍ക്കാരിനെയും പിന്തുണച്ച് രംഗത്തുവന്നത്.
പിഎം ശ്രീ പദ്ധതിയെക്കുറിച്ചു മുന്നണിക്കുള്ളിലും പൊതുസമൂഹത്തിനിടയിലും ഉയരുന്ന ആശങ്കകള്‍ ഇച്ഛാശക്തിയോടെ സര്‍ക്കാരും എല്‍ഡിഎഫ് നേതൃത്വവും പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി വ്യക്തമാക്കി.
ഒരു പദ്ധതി അത് കേന്ദ്രസര്ക്കാരിന്റേതായതുകൊണ്ട് മാത്രം എതിര്‍ക്കണമെന്ന് അഭിപ്രായം കേരള കോണ്‍ഗ്രസ് എമ്മിന് ഇല്ല. പിഎം ശ്രീ പദ്ധതിയുടെ 60 ശതമാനം വിഹിതം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണു വഹിക്കുന്നത്.
അതുകൊണ്ട് പദ്ധതിയുടെ പൂര്‍ണ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ ആണെന്ന് പറയാനാവില്ല. കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളില്‍നിന്നും പൂര്‍ണമായും ഒഴിവായി നില്ക്കാന് കേരളത്തിന് സാധിക്കുകയില്ല. സര്‍വശിക്ഷ അഭിയാന് എസ്എസ്എ പദ്ധതിയില്‍ 2023-24ല്‍ 1031 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.
2024-25ല്‍ ഒരു രൂപ പോലും ലഭിച്ചില്ല. അതിന്റെ കാരണം പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിടാതിരുന്നതാണ്.മാത്രമല്ല നിരവധി അധ്യാപകര്‍ പെരുവഴിയിലാകുന്ന സാഹചര്യമുണ്ടാകും. വിദ്യാഭ്യാസ നവീകരണത്തിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപ അതുകൊണ്ട് നഷ്ടപ്പെടുത്താനാവില്ല.
കേന്ദ്രസര്‍ക്കാര്‍ ഹിഡന്‍ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും സാധിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.