തിരുവനന്തപുരം: തമിഴ്നാട് സർക്കാർ ലൈസന്‍സ് മരവിപ്പിച്ചതിനെ തുടർന്ന് ശ്രീശൻ ഫാര്‍മസ്യൂട്ടിക്കൽസിന്റെ കേരളത്തിലെ മരുന്ന് വിൽപ്പന നിരോധിച്ചെന്ന് മന്ത്രി വീണാ ജോർജ്. സ്ഥാപനത്തിനെതിരെ തമിഴ്നാട് ഡ്രഗ്സ് കണ്ട്രോളര് ആരംഭിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്നിന് ഗുണനിലവാരമില്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് അഞ്ച് വിതരണക്കാരാണ് ഈ മരുന്ന് വിതരണം നടത്തുന്നത്.
അവർക്ക് മരുന്ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ മരുന്ന് വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൈവശമുള്ളവർ ഉപയോഗിക്കരുത്. ഈ മരുന്നുകൾ സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിനു താഴെയുള്ള കുട്ടികൾക്ക് വേണ്ടി മരുന്ന് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
Tags : health department bans sale of sreesan pharmaceuticals medicine in state