ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്
ശിവഗിരി: എല്ലാ മനുഷ്യരും ഒരേ സത്തയാണ് പങ്കിടുന്നതെന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ലോകം അഭിമുഖീകരിക്കുന്ന സംഘർഷങ്ങൾക്കുള്ള മാർഗനിർദേശമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.
ഏവരെയും മാന്യമായി കാണാനും നിസ്വാർഥമായി സേവിക്കാനും ഓരോരുത്തരിലും ദൈവികത കാണാനുമുള്ള ഗുരുവിന്റെ ആഹ്വാനം കാലാതീതമായ ആശയങ്ങളാണെന്നും രാഷ്ട്രപതി പറഞ്ഞു.
ശ്രീനാരായണഗുരു സമാധിയായതിന്റെ രണ്ടുവർഷം നീണ്ടുനിൽക്കുന്ന മഹാപരിനിർവാണ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ശിവഗിരി തീർഥാടന ഓഡിറ്റോറിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയാരുന്നു രാഷ്ട്രപതി. ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ നേതാക്കളിൽ ഒരാളും സാമൂഹിക പരിഷ്കർത്താവുമാണ് നാരായണഗുരു.
അദ്ദേഹം തന്റെ ആത്മീയ അടിത്തറ സൃഷ്ടിച്ചതും സമാധി നേടിയതും ഇവിടെയാണ്. സമത്വം, ഐക്യം, മാനവികസ്നേഹം എന്നിവയിൽ വിശ്വസിക്കാൻ പ്രചോദിപ്പിച്ചു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശക്തമായ സന്ദേശം നൽകി. ഗുരുവിന്റെ പ്രബോധനം മതം, ജാതി എന്നിവയുടെ അതിരുകൾക്കപ്പുറമായിരുന്നു.
അന്ധവിശ്വാസത്തിൽനിന്നല്ല, അറിവിൽനിന്നും കാരുണ്യത്തിൽനിന്നുമാണ് മോചനമെന്ന് അദ്ദേഹം വിശ്വസിച്ചു. ലാളിത്യം, സാർവത്രിക സ്നേഹം എന്നിവയ്ക്കായിരുന്നു ഊന്നൽ നൽകിയത്. ഇതിനായി കാലാതീതമായ ആശയങ്ങളാണ് അദേഹം പങ്കുവച്ചത്. ‘ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ’എന്ന സന്ദേശത്തിലൂടെ ലോകം ഏവരും സാഹോദര്യത്തോടെ ജീവിക്കുന്ന ഒരു പൂന്തോട്ടമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
വിദ്യാഭ്യാസത്തിന്റെയും ധാർമിക ഉന്നമനത്തിന്റെയും കേന്ദ്രങ്ങളായി വർത്തിച്ച നിരവധി ക്ഷേത്രങ്ങൾ, സ്കൂളുകൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവ ഗുരു സ്ഥാപിച്ചു. ഇവയിലൂടെ അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾക്കിടയിൽ സാക്ഷരത, സ്വാശ്രയത്വം, ധാർമിക മൂല്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ചു.
മലയാളം, സംസ്കൃതം, തമിഴ് ഭാഷകളിലെ അദ്ദേഹത്തിന്റെ വാക്യങ്ങൾ ലാളിതമായി ദാർശനിക ഉൾക്കാഴ്ചകൾ പകർന്നു.
ശ്രീനാരായണ ധർമ സംഘം അധ്യക്ഷൻ ബ്രഹ്മശ്രീ സച്ചിദാനന്ദ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരും പ്രസംഗിച്ചു.
വേദിയിൽ ശ്രീനാരായണ ധർമ സംഘം ഭാരവാഹികൾ രാഷ്ട്രപതിക്ക് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ സമ്മാനിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, വി.എൻ. വാസവൻ, അടൂർ പ്രകാശ് എംപി, വി. ജോയി എംഎൽഎ, മുൻ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ, ശ്രീനാരായണ ധർമ സംഘം ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ പങ്കെടുത്തു.
ഇന്നലെ പന്ത്രണ്ടോടെ വർക്കല പാപനാശം ഹെലിപാഡിൽ എത്തിയ രാഷ്ട്രപതി കാർമാർഗം ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരു മഹാസമാധിയിൽ പ്രണാമം അർപ്പിച്ചതിനുശേഷമായിരുന്നു വേദിയിലെത്തിയത്.
Tags : Guru shared Droupadi murmu