കുമളി: കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്തിയ 46.5 കിലോ കഞ്ചാവുമായി അമ്മയും രണ്ടു മക്കളും ഉൾപ്പെടെ നാലു പേർ പിടിയിൽ. ആന്ധ്രപ്രദേശ് സ്വദേശികളായ രാജേഷ് കണ്ണന്, ബില്ലി രാമലക്ഷ്മി, മകന് ദുര്‍ഗ പ്രകാശ്, പ്രായപൂര്‍ത്തിയാകാത്ത മകന് എന്നിവരാണ് കമ്പം പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ആന്ധ്രപ്രദേശില്‍നിന്ന് ആഡംബര കാറിലെത്തിയ കുടുംബത്തെ കുമളിക്ക് സമീപം തമിഴ്നാട് പോലീസ് തടയുകയായിരുന്നു. ഒരേ കുടുംബത്തിലുള്ളവരായതിനാൽ സംശയം തോന്നില്ലെന്നാണ് പ്രതികൾ കരുതിയത്.
അമ്മയും രണ്ട് മക്കളുമടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്. എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ ഇവർ കുടുങ്ങുകയായിരുന്നു. പരിശോധനയില്‍ ട്രാവല്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
അഞ്ച് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അവധിക്കാലം ആഘോഷിക്കാന്‍ വന്നതാണെന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താനും വില്‍ക്കാനും പദ്ധതിയിട്ടിരുന്നതായും ഇവര്‍ മൊഴി നല്കി. കാര്‍ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags : Four people mother and two children arrested 46.5 kg ganja