കൊച്ചി: നൂറു വയസ് തികഞ്ഞ കൊച്ചിയിലെ സെന്റ് തെരേസാസ് കോളജിൽ ഇന്നു ശതാബ്ദി സമ്മേളനം. രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായെത്തുന്ന പ്രൗഢമായ ആഘോഷങ്ങളുടെ നിറവിലാണ് ഈ വനിതാ കോളജ്.
രാവിലെ 11.30ന് കൊച്ചി നാവികസേന ഹെലിപാഡിൽ എത്തുന്ന രാഷ്ട്രപതിക്ക് ഉച്ചയ്ക്ക് 12ന് കോളജിൽ ഊഷ്മളമായ വരവേല്പ് നൽകും. സമ്മേളനത്തിൽ കോളജിന്റെ ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ്, വി.എന്‍. വാസവന്, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. അനു ജോസഫ്, വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
രാഷ്ട്രപതിക്ക് രാജ്യത്തിന്റെ സാംസ്കാരികപൈതൃകം വിളിച്ചോതുന്ന അഞ്ച് ഉപഹാരങ്ങള്‍ കോളജ് അധികൃതർ സമ്മാനിക്കും.
കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (സിഎസ്എസ്ടി) സന്യാസിനീ സമൂഹം 1925ലാണ് സെന്റ് തെരേസാസ് കോളജ് സ്ഥാപിച്ചത്. പഴയ കൊച്ചി സംസ്ഥാനത്തെ ആദ്യ വനിതാ കലാലയമാണിതെന്ന് ഡയറക്ടർ സിസ്റ്റർ ടെസ പറഞ്ഞു.