ഇസ്ലാമാബാദ്/കാബൂൾ: അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഏറ്റുമുട്ടലിൽ നിരവധിയാളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇരു രാജ്യങ്ങളും അവകാശപ്പെട്ടു.
അതിർത്തിയിലെ പാക്കിസ്ഥാന്റെ ആർമി ഔട്ട്പോസ്റ്റ് നശിപ്പിച്ചതായും താലിബാൻ പോസ്റ്റുകൾ ലക്ഷ്യമിടാൻ പാക്കിസ്ഥാൻ സൈന്യം ഉപയോഗിച്ച ടാങ്ക് പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെട്ടു.
അഫ്ഗാൻ–പാക്ക് അതിർത്തിയായ ഡ്യൂറൻഡ് ലൈനിനോടു ചേർന്നുള്ള പാക്ക് ജില്ലയായ ചമൻ, അഫ്ഗാൻ ജില്ലയായ സ്പിൻ ബോൾഡാക്ക് എന്നിവ കേന്ദ്രീകരിച്ചാണ് ഏറ്റുമുട്ടൽ തുടരുന്നത്.
സ്പിൻ ബോൾഡാക്ക് ജില്ലയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ 12ലധികം സാധാരണക്കാർ മരിക്കുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നേരത്തെ, അതിർത്തിയിൽ 58 പാക്കിസ്ഥാൻ സൈനികരെ വധിച്ചതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടിരുന്നു. അതേസമയം 200 ലധികം അഫ്ഗാൻ സൈനികരെ വധിച്ചതായി പാക്കിസ്ഥാനും പറഞ്ഞു.
പാക്ക് സൈന്യമാണ് ഇന്നു രാവിലെ ആക്രമണത്തിനു തുടക്കമിട്ടതെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് എക്സ് പോസ്റ്റിൽ പറഞ്ഞു. ആക്രമണത്തിൽ സ്പിൻ ബോൾഡാക് മേഖലയിലെ 12 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും ഇതിന് അഫ്ഗാൻ സൈന്യം പ്രത്യാക്രമണത്തിലൂടെ മറുപടി നൽകിയെന്നും താലിബാൻ വക്താവ് പറഞ്ഞു.
നിരവധി പാക് സൈനികർ കൊല്ലപ്പെട്ടതായും സൈനിക പോസ്റ്റുകൾ തകർത്തതായും ടാങ്കുകൾ ഉൾപ്പെടെ ആയുധങ്ങൾ പിടിച്ചെടുത്തതായും സബീഹുള്ള അവകാശപ്പെട്ടു. കൊല്ലപ്പെട്ട 10 പാക്ക് സൈനികരുടെ കൂടി വിഡിയോ അഫ്ഗാൻ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
Tags : Afghan Taliban Pakistan Deadliest Gunfire