നെടുമങ്ങാട്: അരുവിക്കരയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. വിനോദസഞ്ചാരികൾക്കും സ്കൂൾ കുട്ടികൾക്കും നാട്ടുകാർക്കും കടിയേൽക്കുന്നത് നിത്യസംഭവമാണ്.
അരുവിക്കര ഡാം സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾ വാട്ടർ അഥോറിറ്റി, ടൂറിസം അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.ഡാമിനു സമീപത്തെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലും പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും താവളമുറപ്പിച്ചിരിക്കുന്ന നായ്ക്കൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്നുണ്ട്. പഴയ പൊലീസ് സ്റ്റേഷൻ പരിസരത്ത് തന്പടിച്ചിരിക്കുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്.
പഞ്ചായത്ത് ഓഫീസ്, ഹയർ സെക്കൻഡറി സ്കൂൾ, പൊലീസ് സ്റ്റേഷൻ, അക്ഷയ കേന്ദ്രം, കെഎസ്ഇബി ഓഫീസ് എന്നിവ ജംഗ്ഷനിൽ പ്രവർത്തിക്കുന്നുണ്ട്.വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന നൂറുകണക്കിന് ആളുകൾ തെരുവ് നായ ഭീതിയുടെ നടുവിലാണ്. സമീപത്തെ വില്ലേജ് ഓഫീസിലും മൃഗാശുപത്രിയിലും എത്തുന്നവരും നായ്ക്കളുടെ ആക്രമണം മുന്നിൽ കണ്ടാണ് വരുന്നത്.അരുവിക്കരയിലെ ഏക ആതുരാലയമായ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാപ്പകൽ ഭേദമില്ലാതെ നായ്ക്കൾ ചുറ്റിത്തിരിയുകയാണ്. ചികിത്സതേടി വരുന്നവരെ നായ്ക്കൾ പലവട്ടം ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ജി.വി.രാജ സ്പോർട്സ് സ്കൂൾ പരിസരത്തെ നായശല്യം കാരണം കായിക വിദ്യാർത്ഥികൾക്ക് ഭയമില്ലാതെ പരിശീലനം ചെയ്യാനാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
കടിയേറ്റ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഇവർക്ക് പേവിഷബാധയ്ക്കെതിരെയുള്ള ആദ്യഡോസ് കുത്തിവയ്പ് മാത്രമേ കുടുംബാരോഗ്യ കേന്ദ്രത്തിൽ എടുക്കുകയുള്ളു. തുടർന്നുള്ള കുത്തിവെയ്പുകൾക്ക് നെടുമങ്ങാട്, പേരൂർക്കട എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളെയോ മറ്റു സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കണം.
Tags : Stray dog