കണ്ണൂർ: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന "വിഷൻ-2031' ഭാഗമായുള്ള സംസ്ഥാന തുറമുഖങ്ങൾ വികസന സദസ് നാളെ കണ്ണൂരിൽ നടക്കും.
അഴീക്കൽ തുറമുഖ പരിസരത്ത് രാവിലെ 9.30 ന് വകുപ്പ് മന്ത്രി പി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ.വി. സുമേഷ് എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു.
മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തും. തുറമുഖ വകുപ്പ് സ്പെഷൽ സെക്രട്ടറി വി. അബ്ദുൾ നാസർ വിഷയാവതരണം നടത്തും. രാവിലെ 11 മുതൽ 10 വർഷത്തെ നേട്ടങ്ങളും അടുത്ത അഞ്ചുവർഷത്തെ വികസന പദ്ധതികളും സംബന്ധിച്ച് വികസന സദസും സംഘടിപ്പിക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം -സാധ്യതകളുടെ പുതുലോകം എന്ന വിഷയത്തിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എംഡി ഡോ. ദിവ്യ എസ്. നായർ സംസാരിക്കും. മറ്റ് നോൺ മേജർ തുറമുഖ വികസനവും മാരിടൈം ടൂറിസവും മാരിടൈം വിദ്യാഭ്യാസവും ഉൾനാടൻ യന്ത്രവത്കൃത യാനങ്ങളും - റിട്ട. കേരള മാരിടൈം ചെയർപേഴ്സൺ എൻ.എസ്. പിള്ള, മലബാർ ഇന്റർനാഷണൽ പോർട്ട് -വികസനക്കുതിപ്പിന്റെ പുതു അധ്യായം -എൽ. രാധാകൃഷ്ണൻ, കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള സമുദ്രാധിഷ്ഠിത വികസനവും ചരക്കുഗതാഗതവും -പ്രകാശ് അയ്യർ, സമുദ്ര-ഉൾനാടൻ ജലഗതാഗതം സംബന്ധിപ്പിച്ചുള്ള ചരക്കുനീക്കം -ഏബ്രഹാം വർഗീസ്, തുറമുഖാധിഷ്ഠിത വ്യവസായവും ലോജിസ്റ്റിക്സും -ശ്രീകുമാർ കെ. നായർ, തുറമുഖ വികസനം -വ്യവസായ വാണിജ്യമേഖലയുടെ ആവശ്യങ്ങളും നിർദേശങ്ങളും -സി. അനിൽകുമാർ എന്നിവർ വിഷയാവതരണം നടത്തും.
ഉച്ചയ്ക്ക് സദസിൽ നിന്നുള്ള നിർദേശങ്ങളും അവയ്ക്കുള്ള മറുപടിയുമുണ്ടാകും. സംസ്ഥാനത്തെ തുറമുഖ മേഖലയിലുള്ള ഉന്നത ഉദ്യോഗസ്ഥരും പ്രമുഖരും ഉൾപ്പെടെ 225 പേർ വികസന സദസിൽ പങ്കെടുക്കുമെന്ന് കെ.വി. സുമേഷ് എംഎൽഎ പറഞ്ഞു.
അഴീക്കലിൽ വിഴിഞ്ഞം മാതൃകയിൽ മേജർ പോർട്ടാണ് ലക്ഷ്യമിടുന്നതെന്നും 5640 കോടിയുടെ പ്രോജക്ട് റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചതായും എംഎൽഎ പറഞ്ഞു.
കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പോർട്ട് യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. റോഡ്, റെയിൽവേ സംവിധാനത്തിനു പുറമെ കണ്ണൂർ വിമാനത്താവളത്തേയും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതോടെ ചരക്കുനീക്കത്തിൽ മലബാറിന്റെ ഹബ്ബായി മാറാൻ അഴീക്കലിന് സാധിക്കും.
പോട്ടിന് ആവശ്യമുള്ള ഭൂമി ഇതിനകം സംസ്ഥാന സർക്കാർ കണ്ടെത്തികഴിഞ്ഞുവെന്നും പോർട്ടിനുള്ള ആഴവും നിലവിൽ അഴീക്കലിലുണ്ടെന്നും എംഎൽഎ പറഞ്ഞു. മലബാർ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ പോർട്ട് എന്ന പേരിലാണ് ഇത് അറിയപ്പെടുക. അഴീക്കോട്, മാട്ടൂൽ പഞ്ചായത്തു കൾക്ക് കീഴിലാണ് പോർട്ട് യാഥാർഥ്യമാക്കുകയെന്നും സുമേഷ് എംഎൽഎ പറഞ്ഞു. പത്രസമ്മേളനത്തിൽ പോർട്ട് ഓഫീസർ സഞ്ജയ് നായ്ക്, കെ. അജീഷ്, എം. റിജു എന്നിവരും പങ്കെടുത്തു.