തൃശൂർ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിസംവരണ നിയമനം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആദ്യഘട്ടത്തിൽ മാനേജർമാർ വിട്ടുനൽകിയ തസ്തികകളുടെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നു ലഭ്യമാക്കിയ യോഗ്യരായ ഉദ്യോഗാർഥികളുടെയും വിവരങ്ങൾ പ്രസിദ്ധീകരിച്ചു.
സുപ്രീംകോടതി നിർദേശപ്രകാരം സർക്കാർ പുറത്തിറക്കിയ ഉത്തരവുകളുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറുകളുടെയും അടിസ്ഥാനത്തിലാണ് നിയമനനടപടികൾ പുരോഗമിക്കുന്നത്. സംവരണനിയമനത്തിനായി വിട്ടുനൽകിയ തസ്തികകളുടെയും ഉദ്യോഗാർഥികളുടെയും വിവരങ്ങൾ സമന്വയ സൈറ്റിൽ (https://sam anwaya.kite) ലഭ്യമാണ്.
പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ, മൊബൈൽ നമ്പറിൽ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് നവംബർ ഏഴിനകം സമന്വയയിൽ ലോഗിൻ ചെയ്തു പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം. ലഭ്യമായ ഒഴിവുവിവരങ്ങൾ പരിശോധിച്ച് ഓപ്ഷൻ ക്രമപ്രകാരം നൽകേണ്ടതാണ്.
പ്രൊ ഫൈൽ അപ്ഡേറ്റ് ചെയ്യുന്നതിനോ ഓപ്ഷൻ നൽകുന്നതിനോ ഏതെങ്കിലും തരത്തിലുള്ള സാങ്കേതികബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉദ്യോഗാർഥികൾക്ക് ഏറ്റവും അടുത്തുള്ള ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുമായി ബന്ധപ്പെടാം. നമ്പറുകൾ സമന്വയ സൈറ്റിൽ ലഭ്യമാണ്.
ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ 04872360 810 (ഡിഡിഇ ഓഫീസ്) എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു ജില്ലാതലസമിതി കൺവീനർകൂടിയായ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
Tags : Miscellaneous nattuvisesham local news